അതിദാരുണം സ്ഥിതി! ആംബുലന്‍സ് കിട്ടിയില്ല: കോവിഡ് ബാധിച്ച് മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബൈക്കില്‍ എത്തിച്ച് മക്കള്‍

ശ്രീകാകുളം: ദിവസവും വരുന്ന വാര്‍ത്തകള്‍ രാജ്യത്ത് കോവിഡ് രണ്ടാംവ്യാപനം എത്രമാത്രം രൂക്ഷമാണെന്ന് വ്യക്തമാക്കുകയാണ്. ഓക്‌സിജന്‍ കിട്ടാതെയും വേണ്ടത്ര ചികിത്സ കിട്ടാതെയുമാണ് ജീവനുകള്‍ പൊലിയുന്നത്. രോഗികള്‍ക്ക് അവശ്യചികിത്സ നല്‍കാന്‍ പോലും ആവാത്ത നിലയിലാണ് ആശുപത്രികളുടെ അവസ്ഥയും.

അത്തരത്തില്‍ കരളലിയിക്കുന്ന ഒരു ദൃശ്യമാണ് ആന്ധ്രാപ്രദേശില്‍ നിന്നും കാണുന്നത്. കോവിഡ് ബാധിച്ച് മരണപ്പെട്ട വീട്ടമ്മയെ സംസ്‌കരിക്കാനായി ബൈക്കില്‍ കൊണ്ടുപോകുന്ന ദയനീയ ദൃശ്യം.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് ദാരുണമായ ഈ സംഭവം. ശ്രീകാകുളത്തെ മണ്ഡല്‍ ഗ്രാമനിവാസിയായ വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ മകനും മരുമകനും ആംബുലന്‍സോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കുമോയെന്ന് അന്വേഷിച്ചു.

മകനും മരുമകനും ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ബൈക്കില്‍. അന്‍പത് വയസുകാരിയായ വീട്ടമ്മയ്ക്ക് കോവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകാതെ നില ഗുരുതരമാകുകയും മരണമടയുകയുമായിരുന്നു.

ശേഷം, എത്ര ശ്രമിച്ചിട്ടും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും
മൃതദേഹം ശ്മശാനത്തിലേക്ക് ബൈക്കില്‍ കയറ്റി പോകുകയായിരുന്നു.ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. ബൈക്കില്‍ നടുക്കിരുത്തിയാണ് അമ്മയുടെ മൃതദേഹം മക്കള്‍ തിരികെ കൊണ്ടുപോയത്.

കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായ സമയത്ത് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ 104 മെഡിക്കല്‍ യൂണിറ്റുകളും 108 ആംബുലന്‍സുകളും പുറത്തിറക്കിയിരുന്നു. എന്നിട്ടും ഇത്തരം ദാരുണ സംഭവങ്ങള്‍ സംസ്ഥാനത്ത് തുടരുകയാണ്.

Exit mobile version