അവസാന നിമിഷം വരെ കോവിഡ് രോഗികള്‍ക്കായി പോരാടി; ഒടുവില്‍ കോവിഡിന് മുന്നില്‍ കീഴടങ്ങി, ആശുപത്രിയില്‍ ബെഡും ഓക്‌സിജനും കിട്ടാതെ ഡോക്ടര്‍ യാത്രയായി

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ ദിനംപ്രതി വരുന്നത്. ഓക്‌സിജന്‍ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നത് ദാരുണമായ കാഴ്ചയാണ്.

അതേസമയം, ജീവിതം പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി മാറ്റി വച്ച ഡോക്ടറുടെ വിയോഗവാര്‍ത്ത കരളലിയിക്കുന്നതാണ്. വീടില്ലാത്തവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രശസ്ത ഡോക്ടര്‍ പ്രദീപ് ബിജല്‍വാന്‍ (60) ഓക്‌സിജന്‍ കിട്ടാതെയാണ് മരണത്തിന് കീഴടങ്ങിയത്.

കോവിഡ് ബാധിച്ച് സ്വന്തം ചികിത്സയ്ക്കായി ആശുപത്രിയില്‍ ഒരു കിടക്കയോ ഓക്സിജനോ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഡോക്ടറുടെ ദാരുണ മരണം. ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തില്‍ പ്രദീപ് രോഗബാധിതനായി വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു.

ബെഡിനും വെന്റിലേറ്ററിനും ഓക്സിജനും വേണ്ടി പല തവണ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന് യാതൊരു സഹായവും ലഭിച്ചില്ല. സ്വയം ചികിത്സയുമായി വീട്ടില്‍ ചുരുണ്ടുകൂടിയ പ്രദീപ് ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ഇന്ന് രാവിലെ മരിച്ചത്.

തെരുവില്‍ കഴിയുന്ന വീടില്ലാത്ത പാവപ്പെട്ടവര്‍ക്കിടയില്‍ പതിറ്റാണ്ടുകളായി ഡോ. പ്രദീപ് നിസ്വാര്‍ഥ സേവനം നടത്തിവരികയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലും പ്രദീപ് തന്നാല്‍ കഴിയുന്ന വിധത്തില്‍ വാര്‍ധക്യത്തിലും പാവപ്പെട്ടവരെ ചികിത്സിച്ചു.

ഐഎഎസ് ഓഫീസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ കൂടി പിന്തുണയോടെയാണ് പാവപ്പെട്ടവരുടെ ഡോക്ടറായി അറിയപ്പെടുന്ന പ്രദീപ് തെരുവിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിച്ചുവന്നിരുന്നത്.

കഴിഞ്ഞ കുറെ മാസങ്ങളായി വീടില്ലാത്തവര്‍ക്കായി നടത്തിയിരുന്ന കോവിഡ് ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 60കാരനായ പ്രദീപിന് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പലരും കോവിഡ് കാലത്ത് നിരുത്സാഹപ്പെടുത്തിയിരുന്നു.

എന്നാല്‍ പ്രായമോ രോഗഭീതിയോ തളര്‍ച്ചയോ കണക്കിലെടുക്കാതെ സാമ്പത്തികലാഭം നോക്കാതെ കോവിഡ് കാലത്ത് പ്രദീപ് ബിജല്‍വാന്‍ തെരുവിലെ ആളുകള്‍ക്കിടയില്‍ ചികിത്സയുമായി സജീവമാകുകയായിരുന്നു. ഒരു ഡോക്ടറെന്ന നിലയില്‍ ശരീരത്തിന് സംഭവിക്കുന്നതെന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ ചികിത്സിക്കാന്‍ അവസരം ലഭിക്കാതെ പോയി.

Exit mobile version