വിദേശിയുടെ മകന് ഒരിക്കലും ദേശസ്‌നേഹിയാകാന്‍ സാധിക്കില്ല; തോല്‍വിക്ക് പിന്നാലെ രാഹുലിനെ അധിക്ഷേപിച്ച് ബിജെപി

ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗ്യയാണ് രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു മുന്നില്‍ മൂന്ന് പ്രധാന സംസ്ഥാനങ്ങളിലും പരാജയം നുണഞ്ഞ ബിജെപി ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ചും ദേശസ്‌നേഹത്തെ ചോദ്യം ചെയ്തും തൃപ്തിയടയുന്നു. ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗ്യയാണ് രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. വിദേശവനിതക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും ദേശസ്‌നേഹിയാകാന്‍ സാധിക്കില്ല. ഹൃദയത്തില്‍ ദേശീയ താത്പര്യങ്ങളും ഉണ്ടായിരിക്കില്ല – എന്നാണ് പാര്‍ട്ടിയുടെ നേതാവ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ട്വീറ്റ് വിവാദമായെങ്കിലും മാപ്പ് പറയാന്‍ കൈലാഷ് തയാറായിട്ടില്ല.

എന്നാല്‍ കൈലാഷിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. കൈലാഷിനെ അടിയന്തരമായി മാനസിക രോഗത്തിന് ചികിത്സിക്കണം. കാരണം മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുറിവ് അത്ര ആഴത്തിലുള്ളതാണ് – എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. മധ്യപ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്തം കൈലാഷിനായിരുന്നു. അവിടെ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടിയപ്പോള്‍ 109 സീറ്റുകള്‍ മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ.

Exit mobile version