കുംഭമേള പ്രതീകാത്മകമായി നടത്തണം; ചടങ്ങുകൾ ചുരുക്കണം; ഒടുവിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ മൗനം അവസാനിപ്പിച്ച് മോഡി

modi

ന്യൂഡൽഹി: ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന കുംഭമേള കോവിഡ് ക്ലസ്റ്ററായിട്ടും മൗനം തുടർന്നിരുന്ന ബിജെപി സർക്കാർ ഒടുവിൽ മൗനം ഭഞ്ജിച്ചു. കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഹിന്ദു ധർമ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണിൽ വിളിച്ചാണ് കുംഭമേള ചടങ്ങുകൾ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നേരത്തെ ഏപ്രിൽ 30 വരെ കുംഭമേള നടത്തുമെന്നും കോവിഡ് കാരണം ചടങ്ങ് വെട്ടിച്ചുരുക്കില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതിന് ഒടുവിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.
haridwar kumbhamela1

ചടങ്ങുകൾ ചുരുക്കാൻ ആവശ്യപ്പെട്ടെന്ന കാര്യം ട്വിറ്ററിലൂടെ മോഡി വ്യക്തമാക്കിയിട്ടുമുണ്ട്. സന്യാസിമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മോഡി സ്വാമി അവദേശാനന്ദ ഗിരിയോട് ആരാഞ്ഞു. ചടങ്ങുകൾ ചുരുക്കുന്നത് കോവിഡിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും മോഡി ട്വീറ്റ് ചെയ്തു.

കുംഭമേളയോട് അനുബന്ധിച്ച് സന്യാസിമാർ ഗംഗയിൽ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകൾ കഴിഞ്ഞ സാഹചര്യത്തിൽ തുടർന്നുള്ള ചടങ്ങുകൾ ചുരുക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർഥിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നു വൈകീട്ടോടെ ഉണ്ടായേക്കും.

രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കുന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കുംഭമേളയിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രധാന സന്യാസി വിഭാഗത്തിന്റെ തലവൻ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

Exit mobile version