ജാതി സംവരണം ഇല്ലാതായേക്കും, തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ്; സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി. സാമ്പത്തിക സംവരണമായിരിക്കും നിലനില്‍ക്കുക എന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജാതി സംവരണം ഇല്ലാതായേക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം.

സാമ്പത്തിക സംവരണമാകും നിലനില്‍ക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാല്‍ പാര്‍ലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. പരിഷ്‌കൃത സമൂഹത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാള്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ 1992ലെ മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണോ എന്നതില്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി.

സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്നാണ് ഇന്ദിരാസാഹിനി കേസിലെ വിധി. ആ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം.

Exit mobile version