വോട്ടര്‍മാര്‍ക്ക് അലക്കി കൊടുത്തും പാത്രം കഴുകിക്കൊടുത്തു വോട്ട് ചോദിച്ച് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി; ജയിച്ചാല്‍ എല്ലാവര്‍ക്കും വാഷിങ് മെഷീന്‍ വാഗ്ദാനം

ചെന്നൈ: വനിതാ വോട്ടറുടെ വസ്ത്രങ്ങള്‍ അലക്കി വോട്ട് അഭ്യര്‍ത്ഥിച്ച് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ തങ്ക കതിരവനാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വ്യത്യസ്ത രീതി തേടിയത്.

തിങ്കളാഴ്ച്ച നാഗോറില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ പ്രകടനം. വണ്ടിപ്പേട്ടയില്‍ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സമീപത്ത് ഒരു സ്ത്രീ അലക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടനെ തന്നെ സ്ത്രീയുടെ സമീപത്ത് ചെന്ന തങ്ക കതിരവന്‍ വസ്ത്രങ്ങള്‍ താന്‍ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട സ്ത്രീ അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എങ്കിലും സ്ഥാനാര്‍ത്ഥിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനൊടുവില്‍ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങള്‍ നല്‍കി.

നിലത്ത് കുത്തിയിരുന്ന കതിരവന്‍ ഏതാനും മിനുട്ടുകളോളം അലക്കല്‍ തുടരുകയും ചെയ്തു. അലക്ക് മാത്രമല്ല, അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും അദ്ദേഹം കഴുകി. വോട്ട് തേടിയെത്തിയ സ്ഥാനാര്‍ത്ഥി അലക്കുന്നത് കണ്ട് നാട്ടുകാരും ചുറ്റും കൂടി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കതിരവനും സംഘവും മടങ്ങിയത്.

എന്തുകൊണ്ടാണ് അലക്കി പ്രചരണം നടത്തിയതെന്ന ചോദ്യത്തിന് കതിരവന്റെ മറുപടി ഇങ്ങനെയാണ്, ‘അമ്മയുടെ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും വാഷിങ് മെഷീന്‍ നല്‍കുന്നതായിരിക്കും. വാഷിങ് മെഷീനില്‍ അലക്കിയാല്‍ നമ്മുടെ വീട്ടമ്മമാരുടെ കൈകള്‍ വേദനിക്കില്ല. സര്‍ക്കാര്‍ അത് ഉറപ്പു വരുത്തും’. ഇതിന്റെ സൂചനയായിട്ടാണ് തന്റെ പ്രവര്‍ത്തിയെന്നും തങ്ക കതിരവന്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഐഎഡിഎംകെ നാഗപട്ടണം ടൗണ്‍ സെക്രട്ടറിയാണ് കതിരവന്‍. അമ്പതുകാരനായ കതിരവന്‍ തന്റെ ആദ്യ അസംബ്ലി തെരഞ്ഞെടുപ്പിനാണ് തയ്യാറെടുക്കുന്നത്. ഏറെ കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തനം നടത്തിയ കതിരവന് ഇക്കുറി പാര്‍ട്ടി അവസരം നല്‍കുകയായിരുന്നു.

Exit mobile version