എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണം; ഡിഎംകെയുടെ വിജയത്തിന് മാരിയമ്മന് ചെറുവിരല്‍ കാണിക്ക നല്‍കി പ്രവര്‍ത്തകന്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വിജയിക്കാനും എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാനും വേണ്ടി മാരിയമ്മന് ചെറുവിരല്‍ കാണിക്കയായി സമര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍.

വിരുദനഗര്‍ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ഗുരുവയ്യ എന്ന 66കാരനാണ് പാര്‍ട്ടി അധികാരത്തിലെത്താന്‍ സാഹസം കാട്ടിയത്. എല്ലാ തവണയും ഗുരുവയ്യ, ഇരുകന്‍ഗുഡി മാരിയമ്മന്‍ കോവിലിന് മുന്നിലെത്തി പ്രാര്‍ഥിക്കാറുണ്ട്.

പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് രാവിലെയും ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. ഇതിനു പിന്നാലെ ഇടതുകൈയിലെ ചെറുവിരല്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

അടുത്തുണ്ടായിരുന്നവര്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗുരുവയ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിഎംകെയുടെയും എംകെ സ്റ്റാലിന്റെയും കടുത്ത ആരാധകനാണ് ഗുരുവയ്യ.

2011ലും 2016ലും തന്റെ ആരാധനാപാത്രമായ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാത്തത് ഗുരവയ്യയെ കടുത്ത നിരാശനാക്കിയിരുന്നു. കേരളത്തിനൊപ്പം ഏപ്രില്‍ ആറാം തീയതിയാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്.

Exit mobile version