മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം: വെള്ളം ഒഴുക്കി കളഞ്ഞതിനെതിരെ സമരം പ്രഖ്യാപിച്ച് അണ്ണാഡിഎംകെ

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം ഒഴുക്കി കളഞ്ഞതിനെതിരെ തമിഴ്‌നാട്ടില്‍ സമരം പ്രഖ്യാപിച്ച് അണ്ണാഡിഎംകെ. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്ന തേനി, ശിവഗംഗ, മധുര, ദിണ്ഡിഗല്‍ രാമനാഥപുരം ജില്ലകളില്‍ ചൊവ്വാഴ്ച സമരത്തിന് ആഹ്വാനം ചെയ്തു. അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായി അടച്ച്, ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

പെരിയാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത് 1886 ഒക്ടോബര്‍ 29ന് ആയിരുന്നു.

പെരിയാര്‍ നദി മുല്ലയാറുമായി സംഗമിച്ചശേഷം പത്ത് കിലോമീറ്റര്‍ താഴെയാണ് അണക്കെട്ട് നിര്‍മിച്ചത്. 155 അടി ഉയരത്തില്‍ നിര്‍മിച്ച അണക്കെട്ടിലെ വെള്ളം സംഭരിക്കുന്നതിനായി എണ്ണായിരം ഏക്കര്‍ വനഭൂമിയും പാട്ടത്തിന് നല്‍കി. ഇതിനുപുറമെ അണക്കെട്ട് നിര്‍മിക്കുന്നതിന് 100 ഏക്കറും നല്‍കി. നിലവിലുള്ള പാട്ടത്തുക 10 ലക്ഷത്തോളമാണ്. ഇത് പ്രതിവര്‍ഷം തമിഴ്നാട് കേരളത്തിന് നല്‍കുന്നു.

1887 സെപ്തംബറിലാണ് ഡാം നിര്‍മാണം ആരംഭിച്ചത്. 1895ല്‍ അണക്കെട്ട് തുറന്നുകൊടുത്തു. അണക്കെട്ട് നിര്‍മാണത്തോടെയാണ് മരൂഭൂവിന് സമാനമായ തെക്കന്‍ തമിഴ്നാട് കാര്‍ഷികയോഗ്യമായത്. ഇന്ന് തേനി, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ ജില്ലകളിലെ ലക്ഷക്കണക്കിന് ഏക്കറില്‍ കൃഷിക്കും മനുഷ്യര്‍ക്ക് ശുദ്ധജലത്തിനുമായി ആശ്രയിക്കുന്നത് മുല്ലപ്പെരിയാര്‍ വെള്ളമാണ്. ഇത് കൂടാതെ ലോവര്‍ക്യാമ്പില്‍ അടക്കം നിരവധി വൈദ്യുത പദ്ധതികളും പ്രവര്‍ത്തിക്കുന്നു.

Exit mobile version