തന്റെ അറിവില്ലാതെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പേര്; കേരളത്തിലെ മണിക്കുട്ടന് പിന്നാലെ ബംഗാളിൽ ശിഖ മിത്രയും; ആരോപണവുമായി തൃണമൂൽ എംഎൽഎ

sikha-mitra_

കൊൽക്കത്ത: തന്റെ സമ്മതമില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പേരുൾപ്പെടുത്തിയെന്ന ആരോപണവുമായി അന്തരിച്ച കോൺഗ്രസ് നേതാവ് സോമൻ മിത്രയുടെ ഭാര്യയും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ ശിഖമിത്ര. പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക ബിജെപി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ശിഖ മിത്ര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൗരിംഘി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ശിഖ മിത്രയുടെ പേര് ബിജെപി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.

താനെവിടെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും തന്റെ അനുവാദമില്ലാതെയാണ് സ്ഥാനാർഥിപ്പട്ടികയിൽ പേര് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും ശിഖ മിത്ര വ്യക്തമാക്കി. ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ശിഖ മിത്ര നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പാർട്ടിയിൽ ചേരുന്നതായി അഭ്യൂഹം പരന്നിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തുവിട്ട പട്ടികയിൽ ശിഖയുടെ പേരും ഉൾപ്പെടുത്തിയത്.

തൃണമുൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾക്കെല്ലാം ബിജെപി സീറ്റ് നൽകുന്നത് പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പിന് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പാർട്ടിയിൽ ചേരാത്തവർക്കും സീറ്റ് വെച്ചുനീട്ടി ബിജെപി പരിഹാസ്യരായിരിക്കുന്നത്. വിഷയത്തിൽ ബിജെപിയെ പരിഹസിച്ച് തൃണമുൽ നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

‘ഒടുവിൽ രണ്ടാഴ്ചയ്ക്ക് ശേഷം ബിജെപി ബംഗാളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പക്ഷെ പട്ടികയിലുള്ള പലരും തങ്ങൾ ബിജെപിക്കാരല്ലെന്നും മത്സരിക്കാനില്ലെന്നും പറയുന്നു. അമിത് ഷാ കുറച്ചു കൂടി നന്നായി തയ്യാറെടുക്കുന്നത് നല്ലതാണ്’തൃണമുൽ എംപി മഹുവ മൊയ്ത്ര പരിഹാസപൂർവം ട്വീറ്റ് ചെയ്തു.

Exit mobile version