മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിടും; ഉത്തരവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ കൃത്യമായി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഡിജിസിഎ അറിയിച്ചു.

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാനായി എത്തുന്നവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടും. മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങള്‍ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

നിരുത്തരവാദപരമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടി സ്വീകരിക്കാം. മാസ്‌ക് ശരിയായി ധരിക്കാത്തവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍പ്പെടുത്താമെന്നും ഡിജിസിഎ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 24,882 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 24,882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയര്‍ന്നു.

ഇതില്‍ 10973260 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 158446 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 202022 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28218457 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 85.6ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version