ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നു: വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ച് ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പോള്‍ സ്വേച്ഛാധിപത്യഭരണമാണെന്ന് ആയിരുന്നു സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്ഥാനെ പോലെ സ്വേച്ഛാധിപത്യഭരണമെന്നും അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ വാര്‍ത്തയാണ് രാഹുല്‍ ഗാന്ധി പങ്കുവച്ചത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്നും വാര്‍ത്ത പങ്കുവച്ച് രാഹുല്‍ കുറിച്ചു.

എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ നേരത്തെ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. നരേന്ദ്രമോഡി 2014 ല്‍ പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Exit mobile version