റെയിൽവേ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമം;യുവാവിനെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി ആർപിഎഫ്

മുംബൈ: തിരക്കേറിയ റെയിൽവേ പാതയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവെ പോലീസ് സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 32 വയസ്സുകാരനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.

അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്കിൽ കിടന്ന ഇയാളെ ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് റെയിൽവേ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു.

യുവാവിനെ പോലീസ് രക്ഷപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിരാർ സ്വദേശിയായ യുവാവ് കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. തുടർന്ന് ഇയാൾ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് റെയിൽവേ പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version