ബിസിനസ് ചെയ്യുകയല്ല സര്‍ക്കാറിന്റെ ജോലി: നാല് മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യവത്കരിക്കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല് മേഖലകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ധനസമ്പാദനം, ആധുനികവത്കരണം എന്നീ മന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മോഡി പറഞ്ഞു.

പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമാണെന്നും മോഡി പറഞ്ഞു. പൊതുമേഖലയില്‍ നിര്‍ത്തേണ്ടത് ആവശ്യകതയാകുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംരഭങ്ങളേയും ബിസിനസുകളേയും പിന്തുണയ്ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി. പൊതുമേഖല സ്ഥാപനങ്ങള്‍ സ്ഥാപിതമായതിന് മറ്റൊരു സമയമുണ്ടായിരുന്നു. ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു.

50-60 വര്‍ഷം മുമ്പ് മികച്ചതായിരുന്നു ഒരു നയം ഇപ്പോള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊതുജനങ്ങളുടെ പണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം’ മോഡി പറഞ്ഞു.

Exit mobile version