കഴുത ഇറച്ചി പൗരുഷം വര്‍ധിപ്പിക്കും: ആവശ്യക്കാരേറിയപ്പോള്‍ കഴുതകള്‍ അപ്രത്യക്ഷമാകുന്നു; നടപടി ആവശ്യപ്പെട്ട് എന്‍ജിഒ

ഹൈദരാബാദ്: ഇറച്ചിയ്ക്ക് ആവശ്യക്കാരേറിയതോടെ ആന്ധ്രാപ്രദേശില്‍ കഴുതകളുടെ എണ്ണം കുറയുന്നു. കഴുതകളെ ആഹാരത്തിനായി കശാപ്പ് ചെയ്യുന്ന അനധികൃത കേന്ദ്രങ്ങള്‍ ചില ജില്ലകളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുണ്ട്.

2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ് അനുസരിച്ച് കഴുതകളെ ഭക്ഷിക്കാനാകില്ല. എന്നാല്‍ ഭാരം ചുമക്കുന്ന മൃഗത്തിന്റെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കുമെന്നാണ് കഴുതകളെ ആഹാരമാക്കുന്നവര്‍ പറയുന്നത്.

അതേസമയം, അനധികൃതമായാണ് കഴുതകളെ കശാപ്പു ചെയ്യുന്നത്. ഇവരില്‍ നിന്ന് വന്‍ വില കൊടുത്താണ് ആവശ്യക്കാര്‍ ഇറച്ച് വാങ്ങുന്നത്. കഴുത മാംസത്തിന് കിലോയ്ക്ക് ആയിരങ്ങളാണ് ഇവര്‍ വാങ്ങുന്നത്.

നിരവധി ക്രിമിനല്‍ സംഘങ്ങള്‍ സംയുക്തമായാണ് ആന്ധ്രയില്‍ കഴുതകളെ കശാപ്പ് ചെയ്യുന്ന റാക്കറ്റ് നടത്തുന്നത്. പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണപ്രകാശം, ഗുണ്ടൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് ഇത്തരം കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഒരു സംഘം കഴുതകളെ കശാപ്പ് ചെയ്യുമ്പോള്‍ മറ്റൊരു സംഘം ഇറച്ചി സംഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാംസം ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നത് മറ്റൊരു സംഘമാണ്.

നിരന്തരമായ കൊന്നൊടുക്കല്‍ കാരണം ആന്ധ്രാപ്രദേശില്‍ കഴുതകളുടെ എണ്ണം
നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. അതിനാല്‍ തന്നെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആന്ധ്രയിലേക്ക് മൃഗങ്ങളെ കൊണ്ടുവരണ്ട അവസ്ഥയാണെന്ന് കാക്കിനട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിമല്‍ റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ എന്ന എന്‍.ജി.ഒയുടെ സെക്രട്ടറി ഗോപാല്‍ ആര്‍ സുറബത്തുള്ള പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കഴുതകളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണം. നിയമം കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ കഴുതകളെ ഇനിമുതല്‍ മൃഗശാലയില്‍ പോയി മാത്രം കാണേണ്ടിവരുമെന്നും ഇന്ന് കഴുതപ്പാലിനെക്കാളേറെ അതിന്റെ ഇറച്ചിക്കാണ് ആവശ്യക്കാരേറെയെന്നും എന്‍ജിഒ പ്രതിനിധി സുറബത്തുള്ള പറഞ്ഞു.

കഴുതകളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതുപ്രകാരം അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയപ്പോള്‍ കഴുതകളെ കശാപ്പ് ചെയ്യുന്നതിന്റെ ധാരാളം വീഡിയോകളും ഫോട്ടോകളും തങ്ങള്‍ക്ക് ലഭിച്ചെന്നും ഇതെല്ലാം ഉള്‍പ്പെടുത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍ജിഒ അറിയിച്ചു.

Exit mobile version