‘പ്രസിഡന്റ് അങ്കിൾ, എന്റെ അമ്മ ഷബ്‌നത്തിന് മാപ്പു നൽകണം’; ഏഴ് കുടുംബാംഗങ്ങളെ വധിച്ചതിന് തൂക്കുകയർ കാത്തിരിക്കുന്ന ഷബ്‌നത്തിന് വേണ്ടി സ്ലേറ്റിലെഴുതി യാചിച്ച് 12കാരൻ മകൻ

ലഖ്‌നൗ: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ തൂക്കിലേറ്റാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ കുറ്റവാളിയായ ഷബ്‌നത്തിന്റെ 12 വയസുകാരൻ മകൻ അമ്മയുടെ ശിക്ഷ ഇളവുചെയ്യണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അമ്മയുടെ വധശിക്ഷ ഒഴിവാക്കണമെന്നാണ് ഷബ്‌നത്തിന്റെ മകൻ മുഹമ്മദ് താജ് രാഷ്ട്രപതിയോട് അപേക്ഷിക്കുന്നത്. ‘എന്റെ അമ്മയോട് എനിക്ക് സ്‌നേഹമാണ്. പ്രസിഡന്റ് അങ്കിളിനോട് ഒരേയൊരു ആവശ്യമേ എനിക്കുള്ളൂ, എന്റെ അമ്മയെ തൂക്കിലേറ്റരുത്’- താജ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസിഡന്റ് അറിയാനായി അപേക്ഷിച്ചു.

‘പ്രസിഡന്റ് അങ്കിൾ എന്റെ അമ്മ ഷബ്‌നത്തിന് മാപ്പു നൽകണം’-സ്ലേറ്റിലെഴുതി കസേരയിൽ കയറിനിന്ന് മാധ്യമങ്ങൾക്കു മുന്നിൽ താജ് പ്രദർശിപ്പിക്കുകയും ചെയ്തു. ഷബ്‌നത്തിന്റെ ഏകമകനാണ് താജ്.

‘രാഷ്ട്രപതിയാണ് അമ്മയോട് ക്ഷമിക്കേണ്ടത്. എനിക്ക് വിശ്വാസമുണ്ട്. എപ്പോഴോക്കെയാണോ ഞാൻ കാണാൻ പോകുന്നത്, എന്നെ കെട്ടിപ്പിടിച്ച് എന്താണ് വിശേഷം എന്നു ചോദിക്കും. എന്താണ് ചെയ്യുന്നത്? സ്‌കൂൾ എന്നു തുറക്കും? പഠനം എങ്ങനെ പോകുന്നു? അമ്മയേയും അച്ഛനേയും ബുദ്ധിമുട്ടിക്കുന്നില്ലല്ലോ’-എന്നൊക്കെയാണ് അമ്മ ചോദിക്കാറുണ്ടായിരുന്നതെന്നും താജ് പറയുന്നു.

നിലവിൽ താജിനെ സംരക്ഷിക്കുന്നത് ബുലന്ദ്ഷഹറിലെ സുശാന്ത് വിഹാർ കോളനിയിലെ ഗാർഡായ ഉസ്മാൻ സെയ്ഫിയാണ്. താജിന് നല്ല വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് തങ്ങൾ പരിശ്രമിക്കുന്നുണ്ടെന്നാണ് ഉസ്മാൻ സെയ്ഫി പറയുന്നത്. താജിനെ നല്ലൊരു മനുഷ്യനാക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്നും ഉസ്മാൻ പറയുന്നു. ജയിലിലാണ് താജ് ജനിച്ചത്. ആറു വയസ്സായതോടെ അംറോഹ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഉസ്മാൻ സെയ്ഫി താജിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ അംരോഹയിൽ ഭവൻഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രിൽ 14ന് രാത്രി കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകൻ സലിമിന്റെ സഹായത്തോടെ പ്രതി ഷബ്‌നം മഴു കൊണ്ട് വെട്ടിക്കൊന്നത്. കുടുംബാംഗങ്ങൾക്കു പാലിൽ മയക്കുമരുന്നു ചേർത്തു നൽകിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രണയത്തിന് കുടുംബാംഗങ്ങൾ തടസം നിന്നതാണ് കൊലയ്ക്കു കാരണം.

ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും സലിമിന്റെ സഹായത്തോടെ മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷബ്‌നം ജയിലിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 2010ലാണ് സലിമിനും ഷബ്‌നത്തിനും കോടതി വധശിക്ഷ വിധിച്ചത്.

ഷബ്‌നത്തിന്റെ ശിക്ഷ ഉത്തർപ്രദേശിലെ മഥുരയിൽ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് നടപ്പാക്കുക. ഡൽഹി നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാർ പവൻ ജല്ലാദ് തൂക്കുകയർ ഒരുക്കുന്നതിന്റെ അവസാനവട്ട പണികളിലാണ്. നേരത്തെ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചിരുന്നു. തുടർന്ന് പ്രസിഡന്റ് ദയാഹർജി നിരസിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്.

Exit mobile version