രാജ്യത്തിന്റെ ആയുധ പ്രദർശനത്തിനിടെ ബിജെപി എംപിയുടെ ‘ഷോ’; യുദ്ധവിമാനത്തിൽ കയറി സവാരി നടത്തി; രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

ബംഗളൂരു: രാജ്യത്തിന്റെ ആയുധബലം കാണിക്കാനായി നടത്തിയ വ്യോമ പ്രദർശനം സ്വയം ഷോ കാണിക്കാനുള്ള ഇടമാക്കി മാറ്റിയ ബിജെപി എംപിക്ക് നേരെ വിമർശന പെരുമഴ. ബംഗളൂരുവിൽ നടന്ന ‘എറോ ഇന്ത്യ 2021’ വ്യോമപ്രദർശനത്തിനിടെയാണ് ബിജെപി പാർലമെന്റംഗമായ തേജസ്വി സൂര്യ യുദ്ധവിമാനത്തിൽ സവാരി നടത്തിയത്. ഇതോടെയാണ് സവാരിക്കെതിരെ പാർട്ടിയിലും പുറത്തും കനത്ത വിമർശനം ഉയർന്നത്.

പ്രതിരോധ വകുപ്പ് ചുമതലയില്ലാത്ത, പരിപാടി നടക്കുന്നത് സ്വന്തം മണ്ഡലത്തിൽ പോലെയോ അല്ലാതിരുന്നിട്ടും സൂര്യ യുദ്ധവിമാനത്തിൽ കയറിപ്പറ്റുകയായിരുന്നു എന്നാണ് വിമർശനം. വലിയ ചെലവു വരുന്ന യാത്ര എന്തടിസ്ഥാനത്തിലാണ് സൂര്യ നടത്തിയതെന്ന് സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.

”പ്രതിരോധ കാര്യ പാർലമെന്ററി സമിതിയിലെങ്കിലും സൂര്യ അംഗമായിരുന്നുവെങ്കിൽ മനസ്സിലാക്കാമായിരുന്നു”- എ്‌നനാണ് സൂര്യയുടെ സവാരിയെ കുറിച്ച് മുതിർന്ന പാർട്ടി നേതാവ് പ്രതികരിച്ചത്. ഈ യാത്രക്കു മാത്രമായി ദിവസങ്ങളോളമാണ് പാർലമെന്റിൽനിന്ന് സൂര്യ വിട്ടുനിന്നതെന്നതും പാർട്ടി വിഷയമായി എടുത്തിട്ടുണ്ട്.

പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ഇത്തരം പ്രദർശനങ്ങൾക്കിടെ സവാരി അനുവദിക്കാറുണ്ട്. പ്രതിരോധ റിപ്പോർട്ടിങ് ചുമതലയുള്ള മാധ്യമ പ്രവർത്തകർക്കും അപൂർവമായി അനുവദിക്കാറുണ്ട്. ഇതിലൊന്നും പെടാത്ത സൂര്യ എങ്ങനെ യുദ്ധവിമാനത്തിൽ കയറി എന്നാണ് ചോദ്യം. രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു യാത്രക്ക് ശരാശരി 8-10 ലക്ഷമാണ് ചെലവു വരിക. നികുതി ദായകരുടെ പണം ഉപയോഗിച്ച് വെറുതെ ആഡംബര യാത്ര നടത്തുന്നത് പൊറുക്കാനാവില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

ഇന്ധനം, ലൂബ്രിക്കൻഡുകൾ, മറ്റു ഓയിൽ, ടയർ തേയ്മാനം, ബ്രേക്, പാരച്യൂട്ട് ഉൾപെടെ നിരവധി വസ്തുവകകൾ ഓരോ യാത്രക്കും അധികമായി കരുതണം. പ്രതിരോധ മന്ത്രാലയത്തിൽ പ്രതിരോധ ഗവേഷണ, വികസന വകുപ്പിന് കീഴിലെ വ്യോമയാന വികസന ഏജൻസിയാണ് യാത്രയ്ക്ക് അനുമതി നൽകുക.

Exit mobile version