അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ്; ഒടുവിൽ പഞ്ചാബിൽ വിജയം കൊയ്ത് കോൺഗ്രസ്; 53 വർഷത്തിന് ശേഷം ഭട്ടിൻഡ ഭരണം പിടിച്ചു; ഒരു സീറ്റ് പോലുമില്ലാതെ ബിജെപി

congress-punjab

അമൃത്‌സർ: കോൺഗ്രസിന് പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം. ഭട്ടിൻഡ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്താണ് കോൺഗ്രസ് കരുത്തുകാണിച്ചത്. 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഇവിടെ ഭരണം പിടിച്ചിരിക്കുന്നത്. 50 വാർഡുകളിൽ 43 ഇടത്തും കോൺഗ്രസ് വിജയിച്ചു. ഒരു സീറ്റിൽ പോലും വിജയിക്കാനാകാതെ ബിജെപി കടുത്തപരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിൽ മത്സരിച്ചാണ് ബിജെപി എട്ട് സീറ്റുകൾ പിടിച്ചത്. എന്നാൽ ബിജെപിക്ക് ഇത്തവണ ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. ലോക്‌സഭയിൽ ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഭട്ടിൻഡ. ഹർസിമ്രത് കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കേന്ദ്രസഹമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

ഭട്ടിൻഡ അർബൻ മണ്ഡലത്തിലെ എംഎൽഎ അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ്ങിന്റെ ബന്ധുവും കോൺഗ്രസ് നേതാവുമായ മൻപ്രീത് സിങ്ങാണ്.

‘ ഇന്ന് ചരിത്രം പിറന്നു. 53 വർഷത്തിനിടെ ഇതാദ്യമായി ഭട്ടിൻഡക്ക് ഒരു കോൺഗ്രസ് മേയറെ ലഭിച്ചു. എല്ലാ ഭട്ടിൻഡ നിവാസികൾക്കും നന്ദി’,-മൻപ്രീത് സിങ്ങ് ടിറ്ററിൽ കുറിച്ചു. വിജയത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version