പോക്സോ കേസുകളിലെ വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേജിവാലയ്ക്ക് അഡീഷണല്‍ ജഡ്ജിയായി ഒരു വര്‍ഷം കൂടി മാത്രം

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടു പോക്സോ കേസുകളില്‍ വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്ക്ക് ഒരു വര്‍ഷം കൂടി അഡീഷണല്‍ ജഡ്ജിയായി തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി കൊളീജിയം.

നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയാണ്. അഡീഷണല്‍ ജഡ്ജിയായുളള ജസ്റ്റിസ് പുഷ്പയുടെ കാലാവധി തീരുന്നത് വെളളിയാഴ്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് വീണ്ടും അഡീഷണല്‍ ജഡ്ജിയായി തുടരാന്‍ കൊളീജിയം തീരുമാനം വന്നത്.

വിവാദ ഉത്തരവുകളെ തുടര്‍ന്ന് സ്ഥിരം ജഡ്ജിയായി പുഷ്പയെ നിയമിക്കുന്നതിനുളള അനുമതി കഴിഞ്ഞമാസം കൊളീജിയം പിന്‍വലിച്ചിരുന്നു. രണ്ട് വര്‍ഷം കൂടി അഡീഷണല്‍ ജഡ്ജിയായി തുടരാനും കൊളീജിയം ശുപാര്‍ശ ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഇത് ഒരുവര്‍ഷമായി ചുരുക്കിയത്.

അഡീഷണല്‍ ജഡ്ജിയായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ പിന്നീട് സ്ഥിരം ജഡ്ജിമാരായി മാറുകയാണ് പതിവ്. എന്നാല്‍ രണ്ട് പോക്സോ കേസുകളില്‍ തുടര്‍ച്ചയായി വിവാദ ഉത്തരവ് പുറപ്പെടുവിച്ചതാണ് പുഷ്പയുടെ സ്ഥിരം ജഡ്ജി സ്ഥാനം നഷ്ടമായത്.

പന്ത്രണ്ട് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച 39കാരന് സെഷന്‍സ് കോടതി നല്‍കിയ മൂന്ന് വര്‍ഷം തടവ് ശിക്ഷ റദ്ദാക്കിക്കൊണ്ടുളള ഉത്തരവില്‍ ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ല എന്നായിരുന്നു ജസ്റ്റിസ് പുഷ്പയുടെ ആദ്യ വിവാദ വിധിപ്രസ്താവം.

മറ്റൊരു കേസില്‍ പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്‌പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് രണ്ടാമത്തെ വിവാദ വിധിപ്രസ്താവന. കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് വിചിത്ര നിരീക്ഷണം. ഒരാള്‍ക്കു തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധിന്യായത്തില്‍ പുഷ്പ ഗനേഡിവാല പറഞ്ഞിരുന്നു.

രണ്ട് വിധികളും ജനുവരി 27ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിധി അപകടകരമായ കീഴ്വഴക്കങ്ങളുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചു.

Exit mobile version