ഐഎന്‍എസ് വിരാടിനെ പൊളിക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; നൂറുകോടിക്ക് കപ്പല്‍ വാങ്ങാന്‍ തയ്യാറാണെന്ന് സ്വകാര്യകമ്പനി

മുംബൈ: മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിരുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നതിന് വിലക്കി സുപ്രീംകോടതി. ഐഎന്‍എസ് വിരാട് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സ്വകാര്യ സ്ഥാപനമായ എന്‍വീടെക് മറൈന്‍ കണ്‍സള്‍ട്ടന്‍സ് നല്‍കിയ പരാതിയിലാണ് സുപ്രീംകോടതിയുടെ നടപടി. എന്‍വീടെക് നൂറുകോടിക്ക് കപ്പല്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തോടും കപ്പല്‍പൊളിയ്ക്കാന്‍ വാങ്ങിയ ശ്രീ റാം ഷിപ്പ് ബ്രേക്കേഴ്സ് എന്ന സ്ഥാപനത്തോടും തീരുമാനം അറിയിക്കാന്‍ കോടതി നോട്ടീസ് നല്‍കി.

ബ്രിട്ടനില്‍ നിന്ന് ഇന്ത്യ വാങ്ങി പുതുക്കലുകള്‍ക്കു ശേഷം 1987ല്‍ നീറ്റിലിറക്കിയ ഐഎന്‍എസ് വിരാട് 2017 ലാണ് ഡീ കമ്മിഷന്‍ ചെയ്ത് സേവനം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കൊങ്കണിലെ സിന്ധുദുര്‍ഗില്‍ വിരാടിനെ 852 കോടി രൂപ ചെലവില്‍ മാരിടൈം മ്യൂസിയമായി മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. മ്യൂസിയമായി നിലനിര്‍ത്തുന്നതിനുള്ള ഭീമമായ ചെലവ് കാരണം ആ നീക്കം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ പൊളിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്‍വീടെക് മറൈന്‍ കണ്‍സള്‍ട്ടന്‍സ് നല്‍കിയ പരാതിയാണ് സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചത്. ഇന്ത്യന്‍ നാവികസേനാ ചരിത്രത്തിന്റെ ഭാഗമായ ഇത്ര വിശാലമായ കപ്പല്‍ സമുദ്രപഠനവിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും ഉപകാരപ്പെടുന്ന മ്യൂസിയമാക്കിമാറ്റണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കപ്പല്‍ പൊളിക്കുന്നത് സ്റ്റേ ചെയ്തത്.

ശ്രീ റാം ഷിപ്പ് ബ്രേക്കേഴ്സ് എന്ന സ്ഥാപനം കപ്പല്‍പൊളിയ്ക്കാന്‍ വാങ്ങിയിരുന്നു. 38.54 കോടിരൂപയ്ക്കാണ് ശ്രീ റാം ഗ്രൂപ്പ് കപ്പല്‍ വാങ്ങിയത്. ഗുജറാത്തിലെ ആലാംഗ് തുറമുഖത്താണ് പൊളിക്കാനായി കപ്പല്‍ എത്തിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ സേവനത്തിലുണ്ടായിരുന്ന കപ്പല്‍ ഇരുമ്പു വിലയ്ക്ക് പൊളിച്ച് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ നാവിക സേനയുമായി സംസാരിച്ച് ധാരണ വരുത്തിയ ശേഷമാണ് വിമാനവാഹിനി ഡീകമ്മീഷന്‍ ചെയ്യാനും തുടര്‍ന്ന് പൊളിക്കാനും തീരുമാനിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം 2019 ജൂലൈ മാസത്തില്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

1959ല്‍ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന എച്ച്എംഎസ് ഹെര്‍മെസ് എന്ന കപ്പലാണ് 1984ല്‍ അറ്റകുറ്റപ്പണിക്ക് ശേഷം വിരാടെന്ന് പേരുമാറ്റി ഇന്ത്യയുടെ ഭാഗമായത്. ആകെ 27800 ടണ്‍ ഭാരമുള്ള വിമാനവാഹിനിയാണ് വിരാട്.

2017ല്‍ ഡി കമ്മിഷന്‍ ചെയ്യുന്നതു വരെ അറ്റകുറ്റപണികള്‍ക്കായി ഐഎന്‍എസ് വിരാട് എത്തിയിരുന്നത് കൊച്ചിയിലാണ്. വിരാട് 1991 മുതല്‍ മാസങ്ങളോളം നീളുന്ന അറ്റകുറ്റപണികള്‍ക്കായി കൃത്യമായ ഇടവേളകളില്‍ കൊച്ചിന്‍ ഷിപ്യാഡിലെത്തിയിരുന്നു. വിരാട് എത്തുന്നതിന് മുമ്പ് വരെ ചരക്കുകപ്പലുകളുടെ അറ്റകുറ്റപണികള്‍ മാത്രമാണ് കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍വഹിച്ചിരുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് പടുകൂറ്റന്‍ കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. റോയല്‍ നേവിയില്‍ ഹെലികോപ്ടര്‍ പൈലറ്റായിരുന്ന ചാള്‍സ് രാജകുമാരന്‍ ജോലി ചെയ്ത കപ്പലെന്ന വിശേഷതയും ഇതിനുണ്ട്.

Exit mobile version