ജ്യോതിഷികള്‍ സമയം കുറിച്ചു; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്! തെലങ്കാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ചന്ദ്രശേഖര റാവു

നേരത്തെ, ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒമ്പത് മാസം ബാക്കിനില്‍ക്കെ കെസിആര്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഹൈദരാബാദ്: തെലങ്കാനയുടെ മനസറിഞ്ഞ ഭരണാധികാരി തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 1.34ന് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും. ജ്യോതിഷികളെ കണ്ട ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയം അദ്ദേഹം നിശ്ചയിച്ചത്. നേരത്തെ, ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒമ്പത് മാസം ബാക്കിനില്‍ക്കെ കെസിആര്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഏതാനും മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ തെലങ്കാന ഭവനില്‍ യോഗം ചേര്‍ന്ന് ചന്ദ്രശേഖര റാവുവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും.

119 അംഗ സഭയില്‍ 88 സീറ്റിലാണ് ടിആര്‍എസ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്.

Exit mobile version