കാശ്മീരിൽ ആർമി ക്യാപ്റ്റൻ നടത്തിയ ഏറ്റുമുട്ടൽ ‘നാടകം’; ലക്ഷ്യംവെച്ചത് സൈന്യം പ്രതിഫലമായി നൽകുന്ന 20 ലക്ഷം; കൊലപ്പെടുത്തിയത് സാധാരണക്കാരായ തോട്ടം തൊഴിലാളികളെ

ശ്രീനഗർ: സൈന്യം നൽകുന്ന പ്രതിഫലം ലക്ഷ്യം വെച്ച് സാധാരണക്കാരായ തോട്ടം തൊഴിലാളികളെ തീവ്രവാദികളെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി കാശ്മീരിലെ സൈനിക ഉദ്യോഗസ്ഥൻ. 62 ആർആർ റെജിമെന്റിന്റെ ക്യാപ്റ്റൻ ഭൂപേന്ദ്ര സിംഗ് ആണ് സിവിലിയൻ ഇൻഫോർമറുകളുടെ സഹായത്തോടെ ഏറ്റുമുട്ടൽ നടത്തിയത്. ജൂലൈ 8ന് കാശ്മീരിലെ അംഷിപോറയിലായിരുന്നു സംഭവം.

ഭൂപേന്ദ്ര സിംഗ് ഏറ്റുമുട്ടൽ ഒരു ‘നാടകം’ ആയിരുന്നുവെന്ന് കരസേന കോടതിയും ജമ്മുകാശ്മീർ പോലീസും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തീവ്രവാദികളെ കൊല്ലുന്നതിന്റെ പ്രതിഫലമായി സൈന്യം നൽകുന്ന 20 ലക്ഷം രൂപയുടെ ക്യാഷ് ബൗണ്ടി നേടാനായിരുന്നു ഈ ഏറ്റുമുട്ടൽ നാടകം.

ആപ്പിൾ തോട്ടങ്ങളിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികളെയാണ് തീവ്രവാദികൾ എന്ന് മുദ്രകുത്തി കൊലപ്പെടുത്തിയത്. ഇതിനായി ഷോപ്പിയാൻ നിവാസിയായ തബീഷ് നസീർ, പുൽവാമയിൽ താമസിയ്ക്കുന്ന ബിലാൽ അഹമ്മദ് എന്നീ ഇൻഫോർമർമാർക്ക് വൻ തുക നൽകിയിരുന്നുവെന്ന് ജമ്മു കാശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമർപ്പിച്ച 300 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി ഭൂപേന്ദ്ര രണ്ട് സിവിലിയൻ ഇൻഫോർമർമാർക്കൊപ്പം ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തു. പിന്നീട് അവരുടെ വ്യക്തിത്വം മറച്ചു വെയ്ക്കുകയും ആയുധങ്ങൾ അവരുടെ ശരീരത്തിൽ വെച്ച് അവർ തീവ്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തുവെന്നുമാണ് കുറ്റപത്രത്തിൽ പരാമർശിക്കുന്നത്. കുറ്റകൃത്യം ആസൂത്രണം ചെയ്യുമ്പോഴും നടത്തുമ്പോഴും സിംഗ് ‘മേജർ ബഷീർ ഖാൻ’ എന്ന മറ്റൊരു പേര് ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഏറ്റുമുട്ടൽ നടത്താൻ അവർ രണ്ട് ഇൻഫോർമർമാരോടൊപ്പം തങ്ങളുടെ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു. പിന്നീട് ഒരു വെടിവെയ്പ്പ് കേട്ടെന്നും സിംഗിന്റെ ടീമിലെ നാല് ഉദ്യോഗസ്ഥർ എസ്‌ഐടിക്ക് മുമ്പാകെ മൊഴി നൽകി. സുബേദാർ ഗരു റാം, ലാൻസ് നായക് രവി കുമാർ, ശിപായിമാർ അശ്വിനി കുമാർ, യൂഗേഷ് എന്നിവരാണ് മൊഴി നൽകിയത്. ‘തീവ്രവാദികൾ’ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വെടിവെയ്ക്കാൻ നിർബന്ധിതനായി എന്ന് സിംഗ് പിന്നീട് ന്യായീകരിച്ചിരുന്നു.

നിലവിൽ ഭൂപേന്ദ്ര സിംഗിനും മറ്റൊരു ഉദ്യോഗസ്ഥനുമെതിരെ സൈന്യം കോടതി നടപടികൾ നടത്തുന്നുണ്ട്. ഡിസംബർ 28ന് രണ്ട് സിവിലിയൻ ഇൻഫോർമർമാർക്കെതിരെ ഷോപ്പിയാൻ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ്, സെഷൻസ് ജഡ്ജി സിക്കന്ദർ ആസാം എന്നിവരുടെ മുമ്പാകെ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചിരുന്നു.

Exit mobile version