ഫഡ്നാവിസ്, രാജ് താക്കറെ, അതാവ്ലെ എന്നീ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ശിവസേന സര്‍ക്കാര്‍; കുടിപ്പക’യെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി രാംദാസ് അതാവ്ലെ, ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നീ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.

പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കുടുംബത്തിന്റെയും സുരക്ഷ വെട്ടിക്കുറച്ചത് ‘ശിവസേന സര്‍ക്കാരിന്റെ കുടിപ്പക’ എന്നാണ് ബിജെപി പ്രതികരിച്ചത്. നടപടി തികച്ചും നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടിയാണിതെന്നും പാര്‍ട്ടി വക്താവ് കേശവ് ഉപാധ്യായ് പറഞ്ഞു.

സര്‍ക്കാര്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നല്‍കുന്നതെന്നും ഇത് യാത്ര ചെയ്യാനും ജനങ്ങളെ സന്ദര്‍ശിക്കാനുമുള്ള തന്റെ പദ്ധതികളെ ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സംസ്ഥാനം വിവിധ വ്യക്തികള്‍ക്ക് നല്‍കുന്ന സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ദേവേന്ദ്ര ഫഡ്‌നാവിസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം ഉള്‍പ്പെടെയുള്ളതാണ് ഇത്. ഇപ്പോഴിത് വൈ പ്ലസിലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്നാവിസിന്റെ ഭാര്യയുടെയും മകളുടെയും സുരക്ഷ വൈ പ്ലസില്‍ നിന്ന് എക്‌സിലേക്ക് തരംതാഴ്ത്തി.

രാജ് താക്കെറെയുടെ സുരക്ഷ വൈ പ്ലസ് ആക്കി കുറച്ചു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെയും മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെയും സുരക്ഷ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version