നാടുനീളെ വര്‍ഗീയത പ്രസംഗിച്ച് നടന്നത് ബിജെപിക്ക് തിരിച്ചടിയായി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വന്‍തോല്‍വി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബിജെപിയെ കൈവിട്ടതായി കണക്കുകള്‍.

ന്യൂഡല്‍ഹി: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയ അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്കിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചാരണവും ചര്‍ച്ചയാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബിജെപിയെ കൈവിട്ടതായി കണക്കുകള്‍. ആതിദ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് കാലിടറി എന്നാണ് പുറത്തു വരുന്ന കണക്കുകള്‍.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. അതില്‍ 63 ല്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കമുള്ളത്. ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാനായത്. 2013 ല്‍ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയത്.

മധ്യപ്രദേശില്‍ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് നേട്ടം ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും വര്‍ഗീയ പരാമര്‍ശങ്ങളും ബിജെപിയില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിരുന്നു. പലയിടങ്ങളിലും ബിജെപി മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദളിത് വോട്ടുകള്‍ പ്രീണിപ്പിക്കാന്‍ നടത്തിയ വര്‍ഗീയ പരമാര്‍ശങ്ങളും ബിജെപിക്ക് കനത്ത തിരിച്ചടിയായി.

അടുത്ത കാലത്തായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം മോഡിക്ക് പകരമായി പ്രചാരണ ചുമതല യോഗി ആദിത്യനാഥായിരുന്നു പാര്‍ട്ടി നല്‍കിയിരുന്നത്. പതിവില്‍ വിപരീതമായി മോഡിയേക്കാള്‍ ഇരിട്ടയിലധികം റാലികളിലാണ് യോഗി സാന്നിധ്യം അറിയിച്ചത്. ബിജെപിയുടെ തന്നെ കണക്കുകള്‍ പ്രകാരം ഏകദേശം 75 ഓളം തിരഞ്ഞെടുപ്പ് റാലികളിലാണ് യോഗി പങ്കെടുത്തത്. മോഡി പങ്കെടുത്തത് 31 റാലികളിലായിരുന്നു.

ബിജെപിയുടെ മറ്റു മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴാണു യോഗി രാജ്യവ്യാപക പ്രചാരണത്തിനിറങ്ങിയത്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ മുന്നേറ്റത്തിനു കാരണം യോഗിയാണെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍, പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങളോടെ യോഗിക്കും ബിജെപിക്കായി കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

Exit mobile version