ബിജെപി നേതാവിനെ ജനറൽ സെക്രട്ടറിയാക്കി യൂത്ത് കോൺഗ്രസിന്റെ ഹിമാലയൻ മണ്ടത്തരം! നേതൃത്വത്തിന് പാർട്ടിയെ കുറിച്ച് ഒന്നുമറിയില്ലേ എന്ന് അണികൾ!

Congress | politics news

ഭോപ്പാൽ: ലഭിച്ച ഭരണം പോലും ബിജെപിക്ക് മുന്നിൽ അടിയറവ് വെയ്‌ക്കേണ്ടി വന്ന മധ്യപ്രദേശ് കോൺഗ്രസിന് നാണക്കേടായി യൂത്ത് കോൺഗ്രസുകാരുടെ മണ്ടത്തരം. ബിജെപിയിൽ ചേർന്ന മുൻ നേതാവിനെ പിടിച്ച് ജനറൽ സെക്രട്ടറി സ്ഥാനം നൽകി അത് പരസ്യമായി വിളിച്ചുപറഞ്ഞാണ് യൂത്ത് കോൺഗ്രസ് സ്വയം പരിഹാസ്യരായിരിക്കുന്നത്.

തുടർന്ന് ഈ തെരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും കോൺഗ്രസ് നേതൃത്വത്തിന് ഇപ്പോഴും അടിസ്ഥാന ഘടകങ്ങളിലെ കാര്യങ്ങൾ അറിയില്ലേ എന്ന് ചോദിക്കുകയാണ് അണികളും പൊതുജനങ്ങളും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ബിജെപി നേതാവായി പ്രവർത്തിച്ചുവരുന്ന ഹർഷിദ് സിൻഹായിക്ക് തുടർച്ചയായി ഫോണിൽ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നതായിരുന്നു സന്ദേശം. എന്നാൽ മാസങ്ങൾക്ക് മുമ്പ് മാർച്ച് മാസത്തിൽ കോൺഗ്രസ് വിട്ട വ്യക്തിയാണ് ഹർഷിദ്. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി ആയിരുന്ന ഹർഷിദ് സിൻഹായി സിന്ധ്യയ്‌ക്കൊപ്പമാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.

എന്നാൽ, ഉറങ്ങിക്കിടന്ന നേതൃത്വം രേഖകളിൽ ഇദ്ദേഹം പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട ഒരു വിവരവും ചേർത്തിട്ടില്ലായിരുന്നു. എന്നാൽ ഇതിനോടകം ബിജെപിക്കാരനായി പ്രവർത്തനം ആരംഭിച്ച ഹർഷിദിനെ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുക്കുകയായിരുന്നു.

വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നതും അമ്പരപ്പിക്കുന്ന വസ്തുതയാണ്. വോട്ട് ചെയ്ത ഒരാൾ പോലും അദ്ദേഹം പാർട്ടി വിട്ടതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഏറ്റവും രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ മൂന്ന് കൊല്ലം മുമ്പാണ് താൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശം നൽകിയതെന്നാണ് ഹർഷിദ് പറയുന്നത്. അന്ന് നടക്കേണ്ട ആ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ഇത്ര നാൾ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ 12 വോട്ടിനായിരുന്നു ഹർഷിദ് സിൻഹായി ജയിച്ചത്. ഏതായാലും സംഭവം നാണക്കേടായതോടെ കോൺഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.

Exit mobile version