നിങ്ങള്‍ ഞങ്ങളുടെ വോട്ടുകള്‍ കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി; മോഡിക്ക് ചോരകൊണ്ട് കത്തെഴുതി കര്‍ഷകര്‍, അണയാതെ കര്‍ഷകരോഷം

ന്യൂഡല്‍ഹി: കര്‍ഷക രോഷം ആളിക്കത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കര്‍ഷകര്‍ ചോര കൊണ്ട് കത്തെഴുതി. ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും പാസാക്കിയതിലൂടെ കര്‍ഷകര്‍ ചതിക്കപ്പെട്ടിരിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരാണ് തങ്ങളുടെ ചോര കൊണ്ട് കത്തെഴുതിയിരിക്കുന്നത്. ‘ ഗുഡ് മോര്‍ണിംഗ് നരേന്ദ്ര മോഡി ജി, ഞങ്ങളുടെ രക്തം കൊണ്ടാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. ഞങ്ങളുടെ വോട്ടുകള്‍ കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നിങ്ങള്‍.

ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും പാസാക്കിയതിലൂടെ കര്‍ഷകര്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ കത്തുകളിലൊന്നില്‍ പറയുന്നു. പ്രക്ഷോഭം നടക്കുന്ന സിഘു അതിര്‍ത്തിയിലുള്ള ക്യാമ്പിലാണ് കര്‍ഷകര്‍ രക്തം ദാനം ചെയ്യുകയും കത്തെഴുതുകയും ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹിയിലെ അതിശൈത്യത്തിലും പോരാടുന്ന കര്‍ഷകര്‍ തങ്ങള്‍ യാതൊരു വിട്ടുവീഴ്ചയ്ക്കില്ലെന്നും മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും വ്യക്തമാക്കി.

ഡല്‍ഹിയുടെ അതിശൈത്യത്തോട് മല്ലടിച്ച് ഇതിനോടകം തന്നെ പ്രക്ഷോഭകരില്‍ ചിലര്‍ മരണമടഞ്ഞു. ഡല്‍ഹിയില്‍ അതിശൈത്യമാണിപ്പോള്‍. അന്തരീക്ഷ ഊഷ്മാവ് മൈനസിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ പ്രധാന ഹൈവേകളിലെല്ലാം കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. നിരവധി മുതിര്‍ന്ന കര്‍ഷകരും സമരമുഖത്തുണ്ട്.

Exit mobile version