മധ്യപ്രദേശില്‍ 15 വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; കരുത്തായത് യുവ വോട്ടര്‍മാര്‍!

: നീണ്ട കാത്തിരിപ്പിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തലയുയര്‍ത്തിയത് യുവവോട്ടര്‍മാരുടെ കരുത്തില്‍.

ഭോപ്പാല്‍: നീണ്ട കാത്തിരിപ്പിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തലയുയര്‍ത്തിയത് യുവവോട്ടര്‍മാരുടെ കരുത്തില്‍. 15വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണചക്രത്തിന് ഇത്രയേറെ അടുത്തെത്തുന്നത്. ബിജെപി മുഖ്യമന്ത്രിമാരില്‍ കഴിവുറ്റ നേതാവായിട്ടും ആര്‍എസ്എസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമായിരുന്നിട്ടും ശിവരാജ് സിങ് ചൗഹാന് യുവാക്കളില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചില്ലെന്നാണ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ വിലയിരുത്തപ്പെടുന്നത്.

2003ല്‍ ഉമാഭാരതി നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയത്. വൈദ്യുതി, റോഡ്, ശുദ്ധജലം എന്നീ മേഖലകളിലാണ് ഉമാഭാരതിയും പിന്നീട് വന്ന ബാബുലാല്‍ ഗോറും ശ്രദ്ധ ചെലുത്തിയത്. ഒടുവില്‍ ചൗഹാനും ഇതേ വികസന രിതിയാണ് പിന്തുടര്‍ന്നത്. അതേസമയം, തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രധാന പദ്ധതികള്‍ തുടങ്ങാതിരുന്നത് യുവ വോട്ടര്‍മാരെ മാറിചിന്തിപ്പിച്ചു എന്നാണ് കരുതുന്നത്. അതോടൊപ്പം താഴെ തട്ടില്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ശക്തമായിരുന്നു.

50 സിറ്റിങ് എംഎല്‍എമാര്‍ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നിഷേധിച്ചിരുന്നു. അതോടൊപ്പം, യുവ വോട്ടര്‍മാര്‍ ഭരണമാറ്റം ആഗ്രഹിച്ചതും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായി എന്നാണ് മറ്റൊരു വിലയിരുത്തല്‍. അതേസമയം, ബിജെപി സ്വാധീനം മറികടക്കാന്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചതെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്.

Exit mobile version