ഹഥ്‌റാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സിബിഐ കണ്ടെത്തി; യുപി പോലീസിന് തിരിച്ചടി; പ്രതികൾക്ക് എതിരെ കുറ്റം ചുമത്തി

Hathras | India News

ലഖ്‌നൗ: രാജ്യത്തെ ഞെട്ടിച്ച ഉത്തർപ്രദേശിലെ ഹഥ്‌റാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് എതിരെ സിബിഐ ബലാത്സംഗകുറ്റം ചുമത്തി. കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇര ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തിയതിന് പിന്നാലെയാണ് കേസിലെ നാല് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയത്.

വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പത്തൊൻപതുകാരി ആയ പെൺകുട്ടിയെ പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം ഉള്ള കുറ്റങ്ങളും പ്രതികൾക്ക് എതിരെ സിബിഐ ചുമത്തിയിട്ടുണ്ട്. ഹഥ്‌റാസ് കേസിലെ പ്രതികളായ സന്ദീപ്, ലവ് കുശ്, രവി, രാമു എന്നിവർക്ക് എതിരെയാണ് സിബിഐ കുറ്റം ചുമത്തിയിരിക്കുന്നത്.

സെപ്റ്റംബർ 14നാണ് പെൺകുട്ടിയെ നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചതും ബന്ധുക്കളെ പോലും മൃതദേഹം കാണാൻ അനുവാദിക്കാതിരുന്നതും യുപി പോലീസിന് എതിരെ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു.

അതേസമയം, നേരത്തെ കേസ് അന്വേഷിച്ചിരുന്ന യുപി പോലീസിന് വലിയ തിരിച്ചടിയാണ് സിബിഐയുടെ കണ്ടെത്തൽ. പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നും ആയിരുന്നു ഉത്തർപ്രദേശ് പോലീസ് നൽകിയ റിപ്പോർട്ട്. ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചായിരുന്നു യുപി പോലീസിന്റെ റിപ്പോർട്ട്.

എന്നാൽ ഇരയായ പെൺകുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഢ് മുസ്ലിം സർവകലാശാലയിലെ ഡോക്ടർമാർ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി കമ്‌ടെത്തിയെന്ന് സിബിഐയ്ക്ക് മൊഴി നൽകുകയായിരുന്നു. നാലു പ്രതികളെയും അഹമ്മദാബാദിൽ കൊണ്ടുപോയി സിബിഐ ബ്രെയിൻ മാപ്പിങ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കുറ്റപത്രത്തിൽ കൂട്ടബലാത്സംഗ വകുപ്പ് ചുമത്തിയത്.

Exit mobile version