ബംഗളൂരു: ഐഫോണ്‍ ഫാക്ടറി അടിച്ചു തകര്‍ത്ത സംഭവത്തില്‍ തിരിച്ചറിയാനാകാത്ത 7000ത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഫാക്ടറി അടിച്ചു തകര്‍ത്തത്.
കേസെടുത്ത 7000ത്തില്‍ 5000 പേരും കോണ്‍ട്രാക്ട് തൊഴിലാളികളാണ്. അക്രമം നടത്തല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് തായ്വാന്‍ ആസ്ഥാനമായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെ ആക്രമണം നടന്നത്.
കല്ലേറിലും മറ്റും വലിയ നാശനഷ്ടം ഫാക്ടറിക്ക് സംഭവിച്ചിരുന്നു. ബംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആക്രമണമെന്നും ഫര്‍ണിച്ചറുകള്‍ക്കും വാഹനങ്ങള്‍ക്കും ഫാക്ടറിയിലെ ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.