ഊര്‍ജിത് പട്ടേലിന്റെ രാജി ദുഃഖിപ്പിക്കുന്നത്; ആത്മാഭിമാനമുള്ള ആര്‍ക്കും ഈ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്ന് പി ചിദംബരം

ബിജെപിയുടെ ഭരണപരാജയമാണ് പട്ടേലിന്റെ രാജി സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഊര്‍ജിത് പട്ടേല്‍ രാജിവെച്ച സംഭവത്തില്‍ തനിക്ക് ആശ്ചര്യമല്ല, ദുഃഖമാണുള്ളതെന്ന് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ബിജെപിയുടെ ഭരണപരാജയമാണ് പട്ടേലിന്റെ രാജി സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റമാണ് ഊര്‍ജിത്തിന്റെ രാജിയില്‍ കലാശിച്ചതെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.

‘ഊര്‍ജിത് പട്ടേലിന്റെ തീരുമാനത്തില്‍ ആശ്ചര്യമല്ല, ദുഖമാണുള്ളത്. ആത്മാഭിമാനമുള്ള ഒരാള്‍ക്കും ഈ സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നവംബര്‍ 19( ആര്‍ബിഐ മേധാവികളുടെ ബോര്‍ഡ് മീറ്റിങ്ങ് നടന്ന ദിവസം)ന് തന്നെ അദ്ദേഹം രാജി വെക്കേണ്ടിയിരുന്നു. സര്‍ക്കാര്‍ തെറ്റുതിരുത്തുമെന്ന് ഊര്‍ജിത് കരുതിക്കാണണം. എന്നാല്‍ എനിക്കറിയാമായിരുന്നു അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന്. നാണം കെടുത്തുന്ന അടുത്ത മീറ്റിങ്ങിനു മുമ്പ് അദ്ദേഹം രാജി വെച്ചത് നന്നായി’.ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ഒരാള്‍ കൂടെ പുറത്തു പോയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയ്ക്കു മേലുള്ള നമ്മുടെ ചൗകിധാറിന്റെ കടന്നു കയറ്റത്തിന്റെ ഫലമാണിത്. ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വെച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

Exit mobile version