കര്‍ഷക സമരം തകര്‍ക്കാന്‍ വലിയ പദ്ധതികളുമായി ബിജെപി, കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി 100 വാര്‍ത്താസമ്മേളനങ്ങള്‍, 700 യോഗങ്ങള്‍ എന്നിവ നടത്താന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ദിനംപ്രതി കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ചര്‍ച്ചകളില്‍ സമവായമാവാതായതോടെ രാജ്യവ്യാപക പ്രചരണത്തിനൊരുങ്ങിയിരിക്കുകയാണ് ബിജെപി.

നൂറ് വാര്‍ത്താ സമ്മേളനങ്ങളും 700 ജില്ലകളിലായി 700 യോഗങ്ങളും വിവാദ കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി അടുത്ത ദിവസങ്ങളില്‍ത്തന്നെ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. കാര്‍ഷിക വായ്പകളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചും യോഗത്തിലും വാര്‍ത്താസമ്മേളനങ്ങളിലും പ്രത്യേകം പ്രതിബാധിക്കും.

കേന്ദ്രമന്ത്രിമാരടക്കം ഈ വ്യാപക പ്രചരണത്തിന്റെ ഭാഗമാവും. ബിജെപിയുടെ പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ചോദ്യങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്യാനുള്ള വേദിയും ഈ യോഗങ്ങളില്‍ ക്രമീകരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

കര്‍ഷകരോഷത്തെ അടക്കാന്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വീഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പുതിയ കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന്‌ശേഷം നേട്ടമുണ്ടായ കര്‍ഷകര്‍ സംസാരിക്കുന്നു എന്ന മട്ടിലാണ് പ്രചാരണം.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരെ സംഘടിപ്പിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോ വാര്‍ത്താപ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങള്‍ക്ക് അയച്ചുനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യാ ടുഡേ, ന്യൂസ് 18 ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂസ് ലോണ്ടറി മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പുതിയ കര്‍ഷകസൗഹൃദ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് എങ്ങനെയാണ് നേട്ടമാകുന്നത് എന്ന് കര്‍ഷകര്‍ തന്നെ വിശദീകരിക്കുന്ന ഒരു കൂട്ടം വീഡിയോകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചതെന്ന് ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് പറയുന്നു. കര്‍ഷകപ്രതിഷേധങ്ങളുടെ മറുവശം കാണിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഈ മാധ്യമങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച വീഡിയോയല്ലെന്നും വീഡിയോകള്‍ സര്‍ക്കാര്‍ അയച്ചുകൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീരീസില്‍ ചിത്രീകരിച്ചിരിക്കുന്ന കര്‍ഷകരുടെ അതേ അനുഭവങ്ങള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലും സൂചിപ്പിച്ചിരുന്നു. ഇതില്‍ പല വീഡിയോകളും ദൂരദര്‍ശനും കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരുന്നു.

Exit mobile version