പ്രക്ഷോഭത്തിന് മുന്നില്‍ മലര്‍ന്നുകിടന്ന് യോഗ ചെയ്യുന്ന മോഡി; കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് കുനാല്‍ കമ്ര , രൂക്ഷപരിഹാസം

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞാണ് കുനാലിന്റെ ട്വീറ്റ്. മോദി യോഗ ചെയ്യുന്ന ചിത്രം കര്‍ഷ പ്രക്ഷോഭത്തിന്റെ ചിത്രത്തോട് ചേര്‍ത്തുവെച്ചാണ് പരിഹാസം. പ്രതിഷേധത്തിനായി അണിനിരന്ന കര്‍ഷകരുടെ മുന്നില്‍ മലര്‍ന്ന് കിടന്ന് യോഗ ചെയ്യുന്ന മോദിയുടെ ചിത്രമാണ് കുനാല്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുമ്പും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം വന്‍ വിവാദമായി മാറിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ അറസ്റ്റിലായ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചപ്പോള്‍ സുപ്രീകോടതിയെ വിമര്‍ശിച്ച് നടത്തിയ ട്വീറ്റാണ് ഒടുവിലത്തേത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയായിരുന്നു ഉന്നം. വിമാനയാത്രക്കിടെ കൈയ്യിലെ രണ്ട് വിരലുകള്‍ കാണിച്ച്- ‘ഇതിലെ രണ്ട് വിരലുകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് ബോംബ്ഡെക്കാണ്, ശരി ഞാന്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നില്ല, അത് നടുവിരലാണ്’ എന്നായിരുന്നു കുനാല്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പരാജയപ്പെട്ട അഞ്ച് ഘട്ട ചര്‍ച്ചകള്‍ക്ക്് ശേഷമാണ് ആറാമതും കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. അഞ്ചാംഘട്ട ചര്‍ച്ചയ്ക്ക് ശേഷം ഡിസംബര്‍ ഒമ്പതിന് അടുത്ത ചര്‍ച്ച നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. പ്രക്ഷോഭം ശക്തമായതോടെ ഇന്ന് വൈകീട്ട് തന്നെ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ അറിയിക്കുകയായിരുന്നു.

Exit mobile version