‘കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍ രത്‌ന തിരിച്ചുനല്‍കും’; കര്‍ഷക പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ബോക്‌സര്‍ വിജേന്ദര്‍ സിംഗ്, കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യം വര്‍ധിക്കുന്നു

vijendra singh, farm law , withdraw | bignewslive

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോക്‌സര്‍ വിജേന്ദ്ര സിംഗ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് തിരികെ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തായിരുന്നു വിജേന്ദ്ര സിംഗിന്റെ പ്രഖ്യാപനം.

‘കരി നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍ലിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ഞാന്‍ തിരിച്ചുനല്‍കും ‘ സിങ്കു അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 2009 ജൂലൈയിലാണ് അദ്ദേഹത്തിന് ഖേല്‍ രത്‌ന ലഭിച്ചത്. ശനിയാഴ്ച കര്‍ഷകര്‍ക്ക് പിന്തുണയുമായി പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝും എത്തിയിരുന്നു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. നിരവധി നേതാക്കളും കായിക താരങ്ങളും കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് തങ്ങള്‍ക്ക് കിട്ടിയ അവാര്‍ഡുകളും മെഡലുകളും തിരിച്ച് നല്‍കിയത്.

ഡിസംബര്‍ മൂന്നാം തീയതി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ തനിക്ക് ലഭിച്ച പത്മവിഭൂഷന്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചിരുന്നു. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വഞ്ചന പൊറുക്കില്ലെന്നും പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.2015ല്‍ ഒന്നാം മോഡി സര്‍ക്കാറിന്റെ കാലത്താണ് പ്രകാശ് സിങ് ബാദലിന് പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമാണ് പദ്മവിഭൂഷണ്‍. ബാദലിന്റെ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ നേരത്തെ എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്നു. എന്നാല്‍ കാര്‍ഷിക നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അകാലിദള്‍ സഖ്യം വിട്ടിരുന്നു.

തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകളും മെഡലുകളും തിരിച്ച് നല്‍കുമെന്ന് പഞ്ചാബില്‍ നിന്നുള്ള മുന്‍ കായിക താരങ്ങളും പരിശീലകരും പറഞ്ഞിരുന്നു. പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിങ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് അറിയിച്ചത്.

കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള മുന്‍ സൈനികന്‍ വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചിരുന്നു. ഹോംഗാര്‍ഡില്‍ കമാന്‍ഡന്റ് ആയിരുന്ന റായ് സിങ് ധാലിവാലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച പുരസ്‌കാരം തിരിച്ച് എല്‍പ്പിച്ചത്.
‘ഞാന്‍ ഒരു കര്‍ഷകന്റെ മകനാണ്. അവരുടെ കഠിനാധ്വാനത്തിന് പുരസ്‌കാരം ലഭിക്കുന്നതിനു പകരം അവര്‍ തെരുവില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി സമരംചെയ്യേണ്ട അവസ്ഥയിലാണ്. കര്‍ഷകരോട് കാണിക്കുന്ന ഈ അനീതിയില്‍ ഞാന്‍ ദുഃഖിതനാണ്. രാഷ്ട്രത്തിനു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരില്‍ ലഭിച്ച പുരസ്‌കാരം അതിനാല്‍, ഞാന്‍ തിരിച്ചു നല്‍കുകയാണ്.’- ധാലിവാല്‍ പറഞ്ഞു.കര്‍ഷകര്‍ ലോകത്തിന് ഭക്ഷണം നല്‍കി. പക്ഷേ, അവര്‍ നേരിടേണ്ടി വന്നത് ജലപീരങ്കികളും കണ്ണീര്‍ വാതകവുമാണ്. കര്‍ഷകര്‍ ഇത്തരമൊരു നിയമം ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version