ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കൾ; ഭാര്യയേയും മക്കളേയും പരിപാലിക്കാത്തവർ: അധിക്ഷേപിച്ച് കർണാടക മന്ത്രി

BC Patil | India News

ബംഗളൂരു: കാർഷിക കടങ്ങളേറി ആത്മഹത്യ ചെയ്യുന്ന കർഷകരെ ഭീരുക്കളെന്ന് ആക്ഷേപിച്ച് കർണാടക കൃഷി മന്ത്രി ബിസി പാട്ടീൽ പറഞ്ഞു. ഭാര്യയെയും മക്കളെയും പരിപാലിക്കാൻ കഴിയാത്ത അവർ ഭീരുക്കൾ മാത്രമാണെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

നമ്മൾ വെള്ളത്തിൽ വീണാൽ, നീന്തുകയും വിജയിക്കുകയും വേണം. കർണാടകയിലെ കുടക് ജില്ലയിലെ പൊന്നമ്പേട്ടിലെത്തി കർഷകരോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. കാർഷിക വ്യവസായം ലാഭകരമാണെന്നെന്നും മുള കർഷകരോട് മന്ത്രി വിശദീകരിച്ചു. ഇത് മനസിലാക്കാതെയാണ് ചില ഭീരുക്കൾ ആത്മഹത്യ ചെയ്യുന്നത്. 35 വർഷം അധ്വാനിച്ച് സ്വർണ്ണവളകൾ സ്വന്തമാക്കിയ കർഷകസ്ത്രീയെ ഉദാഹരണമായി ഉയർത്തിക്കാട്ടിയാണ് മന്ത്രി ആത്മഹത്യ ചെയ്ത കർഷകരെ കുറ്റപ്പെടുത്തിയത്.

ഒരു സ്ത്രീ കൃഷിയെ പൂർണമായും ആശ്രയിക്കുകയും വലിയൊരു നേട്ടം കൈവരിക്കുകയും ചെയ്യുമ്പോൾ മറ്റ് കർഷകർക്ക് അത് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ കർണാടകയിലെ കോൺഗ്രസ് പാർട്ടി അപലപിച്ചു. മന്ത്രി കർഷക സമൂഹത്തെ അപമാനിച്ചെന്നും ഇതിന് കർഷകരോട് മാപ്പ് പറയണമെന്നും കോൺഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പ ആവശ്യപ്പെട്ടു.

Exit mobile version