കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കില്ല; താങ്ങുവില നിലനിർത്തിയേക്കും; കർഷകരുടെ അതൃപ്തി തുടരുന്നു

farmers | india news

ന്യൂഡൽഹി: കർഷകരുടെ വലിയ പ്രതിഷേധത്തിന് കാരണമായ പുതിയ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കാൻ തയ്യാറായേക്കില്ല. നിയമങ്ങളിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. വിളകളുടെ താങ്ങുവില തുടരുമെന്ന ഉറപ്പ് കർഷകർക്ക് നൽകാനും കേന്ദ്രത്തിന് ആലോചനയുണ്ട്. ഇക്കാര്യത്തിൽ കർഷക സംഘടനകൾക്കു ഉറപ്പുനൽകും.

എങ്കിലും, കർഷകർക്കു വരുമാനം വർധിപ്പിക്കാനുള്ള വ്യവസ്ഥകളാണു നിയമങ്ങളിലുള്ളതെന്നും ഇപ്പോൾ പ്രക്ഷോഭം നടത്തുന്നവർക്കും അതിന്റെ ഗുണം ലഭിക്കുമെന്നുമുള്ള നിലപാടിൽ തന്നെ കേന്ദ്രം തുടരും. രാജ്യത്തെവിടെയും ഉൽപന്നങ്ങൾ വിറ്റഴിക്കാൻ അനുമതി നൽകുന്ന ബിൽ കർഷകർക്കു ഗുണകരമാണെന്ന നിലപാടിൽ തന്നെ കേന്ദ്രം ഉറച്ചു നിൽക്കുന്നതിനാൽ കർഷകർ വഴങ്ങാൻ സാധ്യതയില്ല.

ഇന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമർ എന്നിവർ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.

അതേസമയം, കടുത്ത വാശിയിൽ തന്നെ തുടരുന്ന കർഷകർ ഈ ഉപാധികൾ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകാൻ തന്നെയായിരിക്കും കർഷകരുടെ തീരുമാനം. രേഖാമൂലമുള്ള ഉറപ്പിനേക്കാൾ നിയമനിർമ്മാണം ആവശ്യമെങ്കിൽ അതിനും കേന്ദ്രം തയാറാകുമെന്നാണ് സൂചന. കർഷകരുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാകും തുടർ ചർച്ചകൾ നടക്കുക.

കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇന്ന് കർഷക സംഘടനകൾ നിലപാട് എടുത്തെങ്കിലും കർഷക സംഘടനകളുമായി ചർച്ചകൾ തുടരാൻ തന്നെയാണ് കേന്ദ്ര തീരുമാനം. മറ്റു സംഘടനകളിലെയും പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്നു സർക്കാർ സൂചന നൽകിയതിനെത്തുടർന്ന് ഇന്ന് കർഷകർ ചർച്ച ഉപേക്ഷിച്ചേക്കില്ല.

Exit mobile version