യോഗിയുടെ ഭരണം കാരണം ഉത്തർപ്രദേശ് ‘എക്‌സ്പ്രസ് പ്രദേശ്’ ആയി; ദേശീയ പാത ഉദ്ഘാടനത്തിനിടെ പുകഴ്ത്തി മതി വരാതെ പ്രധാനമന്ത്രി മോഡി

PM Modi | Politics

വാരണാസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. യോഗിയുടെ ഭരണത്തിൻ കീഴിൽ ഉത്തർപ്രദേശ് ‘എക്‌സ്പ്രസ് പ്രദേശ്’ ആയി മാറിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഴ്ത്തൽ. വരാണസി-പ്രയാഗ് രാജ് ആറുവരി ദേശീയപാത ഉദ്ഘാടനം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

തുടർന്ന് പ്രദേശത്തെ വികസന പ്രവർത്തികൾ ഓരോന്ന് എടുത്ത് പറഞ്ഞ് സംസാരിക്കവെയാണ് ഉത്തർപ്രദേശിലുണ്ടായ വികസനത്തിന് കാരണം യോഗിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. 2017ൽ ഉത്തർപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ യോഗിജി മുഖ്യമന്ത്രിയായ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വർധിച്ചു. ഇന്ന് യുപി അറിയിപ്പെടുന്നത് എക്‌സ്പ്രസ് പ്രദേശ് എന്നാണ്- പ്രധാനമന്ത്രി പറഞ്ഞു. റോഡ് ഉദ്ഘാടനത്തിനായി ഖജുരിയിൽ നടന്ന ചടങ്ങിൽ യുപി മുഖ്യമന്ത്രി ആദിത്യനാഥും പങ്കെടുത്തിരുന്നു.

ജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്ന ഈ റോഡ് പ്രയാഗ് രാജിലെയും കാശിയിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.നേരത്തെ, കാശി-പ്രയാഗ് രാജ് യാത്ര ചെയ്യുന്നവർ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടുന്നത് പ്രശ്‌നം അവസാനിപ്പിക്കുക മാത്രമല്ല അത് കുഭമേളയുടെ സമയത്ത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Exit mobile version