ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

kashmir | big news live

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിന് (QRT) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് ഭീകരാക്രമണം നടന്നത്.

തിരക്കേറിയ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ മൂന്ന് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കാശ്മീര്‍ ഐജി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം ആയുധധാരികളായ തീവ്രവാദികള്‍ ആക്രമണത്തിനു ശേഷം കാറിലാണ് കടന്നുകളഞ്ഞത്. മേഖലയില്‍ ഭീകരസംഘടനയായ ജെയ്ഷെയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളതെന്നും ഇന്ന് വൈകുന്നേരത്തോടെ ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന കാര്യം കണ്ടെത്തുമെന്നും കാശ്മീര്‍ ഐജി കൂട്ടിച്ചേര്‍ത്തു.

Exit mobile version