ചെന്നൈയില്‍ മഴ കനക്കുന്നു; ചെമ്പരപ്പാക്കം തടാകം തുറന്നു, 2015 വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭീതിയില്‍ ചെന്നൈ വാസികള്‍

chennai

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചെന്നൈയിലും കാഞ്ചിപുരത്തും പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ഷട്ടര്‍ തുറന്ന് വെള്ളം അഡയാര്‍ നദിയിലേക്ക് ഒഴുക്കി വിടുകയാണ്. സെക്കന്‍ഡറില്‍ ആയിരം ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

2015 ലാണ് ഇതിനു മുന്‍പ് തടാകം തുറന്നത്. അന്ന് തടാകം തുറന്നപ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിന് അടിയില്‍ ആയിരുന്നു. അന്ന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ദിവസങ്ങളോളം അന്ന് ചെന്നൈ വാസികള്‍ ദുരിതത്തിലായിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 2015 ല്‍ ഉണ്ടായ വെള്ളപ്പൊക്കം ഇത്തവണ ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണ് ചെന്നൈ വാസികള്‍.


നിലവില്‍ നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് 370 കിലോമീറ്റര്‍ അകലെയാണ്. ഇന്ന് രാത്രിയോടെ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന സമയത്ത് വേഗത 145 കിലോമീറ്റര്‍ വരെ ആകാമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് തമിഴനാട്.

വൈകീട്ട് ആറിനും എട്ടിനും ഇടയിലാവും കരതൊടുക. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയിന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വ്യാഴാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവരെ ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

Exit mobile version