‘അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല’; അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

sonia gandhi india

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെ തനിക്ക് നഷ്ടമായെന്നാണ് സോണിയാഗാന്ധി പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നെടുംതൂണായിരുന്നു അഹമ്മദ് പട്ടേല്‍ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

‘അദ്ദേഹത്തിന്റെ വിശ്വസ്തതയും അര്‍പ്പണബോധവും ജോലിയൊടുളള പ്രതിബദ്ധതയും, സഹായത്തിനായി എല്ലായ്പ്പോഴും ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ മഹാമനസ്‌കതയും മറ്റുളളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്ന ഗുണങ്ങളായിരുന്നു’ എന്നാണ് സോണിയ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.


‘ഇത് ദുഃഖകരമായ ഒരു ദിവസമാണ്. അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നെടുംതൂണായിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്തു. പാര്‍ട്ടി ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴും പാര്‍ട്ടിക്കൊപ്പം അദ്ദേഹം നിന്നു. അദ്ദേഹം വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അഭാവം നേരിടേണ്ടിവരും. ഫൈസലിനോടും മുതാസിനോടും കുടുംബത്തോടും ഞാന്‍ എന്റെ സ്‌നേഹവും അനുശോചനവും അറിയിക്കുന്നു’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.


‘അഹമ്മദ് പട്ടേലിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രത്യേകിച്ച് മുംതാസിനോടും ഫൈസലിനോടും. നമ്മുടെ പാര്‍ട്ടിയോടുളള നിങ്ങളുടെ അച്ഛന്റെ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ സേവനവും അളവാക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ അഭാവം വളരെയധികം അനുഭവപ്പെടും. അദ്ദേഹത്തിന്റെ ധൈര്യം നിങ്ങളിലേക്ക് കടന്നുവന്ന് ഈ വിഷമഘട്ടത്തെ നേരിടാനുളള കരുത്ത് അത് നിങ്ങള്‍ക്കേകട്ടെ’ എന്നാണ് പ്രിയങ്കാഗാന്ധി കുറിച്ചത്.

കൊവിഡാനന്തര ചികിത്സയിലായിരുന്ന അഹമ്മദ് പട്ടേല്‍ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Exit mobile version