മോഡിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ജവാൻ; ഹർജി തള്ളി സുപ്രീംകോടതി

prime minister modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് ജവാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തളളി. ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹാദൂർ യാദവ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

സൈന്യത്തിലെ ദുരവസ്ഥയും മോശം ഭക്ഷണവും ഉൾപ്പടെയുള്ളവ പങ്കുവെച്ച് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയ വ്യക്തിയായിരുന്നു തേജ് ബഹാദൂർ. തുടർന്ന് 2017ലാണ് തേജ് ബഹാദൂറിനെ ബിഎസ്എഫിൽ നിന്ന് പിരിച്ചുവിടുന്നത്. ഇയാൾ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ ആഗ്രഹിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് തേജ് ബഹാദൂർ കോടതിയെ സമീപിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ജവാൻ നൽകിയ ഹർജി നേരത്തേ അലഹാബാദ് ഹൈക്കോടതി തളളിയിരുന്നു.

വാരണാസിയിൽ നിന്ന് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകിയിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തന്റെ നാമനിർദേശ പത്രികയെ ചില കാരണങ്ങളാൽ തള്ളുകയായിരുന്നുവെന്നും തേജ് കോടതിയിൽ വാദിച്ചു.

Exit mobile version