വൈകി കിട്ടുന്ന നീതിയെങ്കിലും ലഭിക്കണം; വിജയ് സേതുപതിക്ക് പിന്നാലെ പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് കമൽ ഹാസനും

ചെന്നൈ: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് വരുന്ന പേരറിവാളനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടൻ കമൽ ഹാസൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 വർഷങ്ങളായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് വൈകിക്കിട്ടുന്ന നീതിയെങ്കിലും ലഭിക്കണമെന്ന് കമൽ ആവശ്യപ്പെട്ടു.

‘ശരിയായ രീതിയിൽ വിചാരണ പോലും നടന്നിട്ടില്ലെന്ന് സംശയങ്ങൾ നിലനിൽക്കേ, മുപ്പത് വർഷം പൂർത്തിയായിട്ടും പേരറിവാളന്റെ ജയിൽ വാസം തുടരുകയാണ്. കോടതികൾ വെറുതെ വിട്ടെങ്കിലും ഗവർണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നൽകൂ, പേരറിവാളനെ വിട്ടയക്കൂ,’-കമൽഹാസന് ട്വിറ്ററിൽ കുറിച്ചു.

ഇതോടൊപ്പം പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലല്ലെന്ന സംശയവും ഉലകനായകൻ പ്രകടിപ്പിച്ചു. നേരത്തെ പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകൻ കാർത്തിക് സുബ്ബരാജും നടൻ വിജയ് സേതുപതിയും അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു.

ജയിലിലടച്ച് 26 വർഷങ്ങൾക്ക് ശേഷം ആദ്യമായി പേരറിവാളന് പരോൾ ലഭിച്ചിരുന്നു. പേരറിവാളന്റെ പരോൾ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആശുപത്രി സന്ദർശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും പേരറിവാളിന് ഒരുക്കി നൽകണമെന്നും തമിഴ്‌നാട് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

Exit mobile version