മൂന്ന് മാസത്തിനുള്ളിൽ കാണാതായ 56 കുട്ടികളെ കണ്ടെത്തി; പോലീസ് സേനയ്ക്ക് അഭിമാനമായി കോൺസ്റ്റബിൾ സീമ; പ്രമോഷൻ നൽകി ആദരിച്ച് പോലീസും

ന്യൂഡൽഹി: തന്റെ പോലീസ് കരിയറിൽ കാണാതായ 72 കുട്ടികളേയും മൂന്ന് മാസത്തിനുള്ളിൽ കാണാതായ 56 കുട്ടികളേയും രക്ഷപ്പെടുത്ത് ഇന്ത്യയുടെ പോലീസ് സേനയ്ക്ക് തന്നെ അഭിമാനമായി ഡൽഹി പോലീസ് കോൺസ്റ്റബിൾ സീമ ധാക്ക. ഈ സേവന മികവിന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സീമയെ തേടി പ്രമോഷനുമെത്തി.

കാണാതായ കുട്ടികളെ അന്വേഷിച്ച് കണ്ടെത്തുന്നതിൽ അസാമാന്യമായ മികവാണ് ഈ വനിതാ പോലീസ് ഉദ്യോഗസ്ഥ കാഴ്ചവെച്ചത്. കാണാതായ പതിനാല് വയസിൽ താഴെയുള്ള 56 കുട്ടികളെയാണ് മൂന്നുമാസത്തെ ഇടവേളയിൽ സീമ കണ്ടെത്തി കുടുംബത്തിനോടൊപ്പെ വിട്ടത്. ഒരിക്കൽ ഡൽഹിയിൽ നിന്നും കാണാതായ ഏഴുവയസുള്ള കുട്ടിയെ പശ്ചിമ ബംഗാളിലെ പ്രളയ ബാധിത പ്രദേശത്ത് നിന്ന് കണ്ടെത്തിയ കഥയും സീമയ്ക്ക് പറയാനുണ്ട്.

ഓരോ കുട്ടികളേയും തിരികെ ലഭിക്കുമ്പോഴുള്ള കുടുംബത്തിന്റെ സന്തോഷമാണ് തന്റെ ബലമെന്ന് സീമ ടൈംസ്ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. സീമ ധാക്ക 2006ലാണ് ഡൽഹി പോലീസിന്റെ യൂണിഫോമണിഞ്ഞത്. ഇതിനോടകം 76 കുട്ടികളെയാണ് കണ്ടെത്തിയതും. അന്വേഷണ മികവ് പരിഗണിച്ച പോലീസ് സേന അസിസ്റ്റൻഡ് സബ് ഇൻസ്‌പെക്ടറായാണ് സീമയ്ക്ക് പ്രമോഷൻ നൽകിയത്. 2013 മുതൽ കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി പഞ്ചാബ്, ഉത്തർപ്രദേശ്, ഗുഡ്ഗാവ്, പശ്ചിമ ബംഗാൾ, നോയിഡ എന്നിവിടങ്ങളിലെല്ലാം സീമ എത്തിയിരുന്നു.

സേവന മികവിന് ഔട്ട് ഓഫ് ടേൺ ആയി പ്രമോഷൻ ലഭിക്കുന്ന ഡൽഹിയിലെ ആദ്യ പോലീസുദ്യോഗസ്ഥയാണ് സീമ. രോഹിണി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് സീമയുടെ ഭർത്താവ്. എട്ട് വയസുള്ള മകനുമുണ്ട്.

ഓഗസ്റ്റ് ഏഴിനാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്ന പോലീസുകാർക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ നൽകുമെന്ന് ഡൽഹി പോലീസ് മേധാവി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഉണർന്നു പ്രവർത്തിച്ച പോലീസ് സേന കാണാതായ 1440 കുട്ടികളെയാണ് ഇതുവരെ കണ്ടെത്തിയത്.

Exit mobile version