ലോക്ഡൗണില്‍ ബ്രസ്റ്റ് മില്‍ക്ക് ബാങ്കിലേക്ക് നല്‍കിയത് 42 ലിറ്റര്‍ മുലപ്പാല്‍, പിഞ്ചോമനകള്‍ക്ക് കൈത്താങ്ങായി യുവതി, വലിയ കാര്യമെന്ന് ഡോക്ടര്‍മാര്‍, കൈയ്യടി

മുംബൈ: വിവാഹം കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് നിര്‍മാതാവായ നിധി പര്‍മര്‍ ഹിരനന്ദിനിയും ഭര്‍ത്താവ് തുഷാറും.ഇതിന് പിന്നാലെ നിധി ചെയ്ത ഒരു നന്മയ്ക്ക് കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം.

കുഞ്ഞിനു നല്‍കിയ ശേഷമുള്ള മുലപ്പാല്‍ ആവശ്യമുള്ള മറ്റുകുഞ്ഞുങ്ങള്‍ക്ക് നല്‍കുകയാണ് നിധി. മുംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാല്‍ നല്‍കുന്നത്. 2020 ഫെബ്രുവരി 20നാണ് നിധിക്കും തുഷാറിനും ആണ്‍കുഞ്ഞു പിറന്നത്.

‘കുഞ്ഞിന് ആവശ്യത്തിനു നല്‍കിയ ശേഷവും മുലപ്പാല്‍ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.’ എന്ന് നിധി പറയുന്നു. മുലപ്പാല്‍ കുഞ്ഞിനെ കുളിപ്പിക്കാനും കാല്‍ കഴുകാനുമെല്ലാം ഉപയോഗിക്കുമെന്ന് എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ എനിക്ക് അതിനോട് യോജിക്കാനായില്ല. അത് ക്രൂരതയാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മുലപ്പാല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.’ നിധി കൂട്ടിച്ചേര്‍ത്തു.

2019 മുതല്‍ സൂര്യ ആശുപത്രിയില്‍ ബ്രസ്റ്റ് മില്‍ക്ക് ബാങ്ക് നിലവിലുണ്ട്. ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ആവശ്യത്തിന് പാല്‍ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ‘ബാന്ദ്രയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയിലുള്ള എന്റെ ഗൈനക്കോളജിസ്റ്റുമായി ഇക്കാര്യം സംസാരിച്ചു. അവരാണ് സൂര്യ ആശുപത്രിയിലേക്ക് പാല്‍ നല്‍കാന്‍ പറഞ്ഞത്.

20 പാക്കറ്റ് പാല്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഒരു കുഞ്ഞ് വീട്ടിലുള്ളതിനാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് പാല്‍ എത്തിക്കാന്‍ എനിക്ക് പ്രയാസമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ വീട്ടില്‍ വന്ന് പാല്‍ ശേഖരിക്കാന്‍ സന്നദ്ധതകാണിച്ചു’- നിധി വ്യക്തമാക്കി.

മാസം തികയാതെ പ്രസവിക്കുകയോ മറ്റെന്തെങ്കിലും കാരണങ്ങള്‍ മൂലമോ ചിലപ്പോള്‍ പല അമ്മമാര്‍ക്കും ആവശ്യത്തിനു പാല്‍ ഉണ്ടാകില്ല. ഇത്തരം ക്ലേശങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുക എന്നത് വലിയകാര്യമാണെന്ന് നിധിയുടെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് സൂര്യ ആശുപത്രിയിലെ ഡോക്ടര്‍ ഹരി ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

Exit mobile version