പശു ഇരട്ടക്കുട്ടികളെ പ്രസവിച്ചു; കിടാക്കള്‍ക്ക് കോണ്‍ഗ്രസ്, ബിജെപിയെന്ന് പേരിട്ട് കര്‍ഷകന്‍

തെരഞ്ഞെടുപ്പ് ചൂടിന്റെ സ്വാധീനത്തില്‍ തന്നെയാണ് പശുക്കിടാക്കള്‍ക്ക് പേരുമിട്ടത്. കോണ്‍ഗ്രസ്, ബിജെപി എന്നിങ്ങനെ

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ചൂടിനിടയിലാണ് മധ്യപ്രദേശില്‍ ഇരട്ടപ്പശുകിടാക്കള്‍ പിറന്നത്. ഭോപാലിലെ ഖജൂരി കാലന്‍ ഗ്രാമത്തിലെ ധാന്‍ സിംങ് എന്ന കര്‍ഷകന്റെ പശുവാണ് ഇരട്ടകിടാക്കളെ പ്രസവിച്ചത്. ഈ കിടാക്കള്‍ക്ക് പേരിടുന്നതില്‍ കര്‍ഷകന് ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലുമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ചൂടിന്റെ സ്വാധീനത്തില്‍ തന്നെയാണ് പശുക്കിടാക്കള്‍ക്ക് പേരുമിട്ടത്. കോണ്‍ഗ്രസ്, ബിജെപി എന്നിങ്ങനെയാണ് പേരിട്ടത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ പോരടിക്കുമ്പോഴും കൃഷിയിടത്തില്‍ സഹായമായി സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഈ ഇരട്ട പശുക്കുട്ടികള്‍ സഹായിക്കുമെന്നാണ് കര്‍ഷകന്റെ പ്രതീക്ഷ. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മധ്യപ്രദേശില്‍ വാഗ്ദാനങ്ങളും വികസനവുമെല്ലാം അടങ്ങിയ രാഷ്ട്രീയ പ്രചരണങ്ങളായിരുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഏതാനും മാസങ്ങള്‍ മാത്രമേ ഈ ബഹളങ്ങളുണ്ടാകാറുള്ളൂ. ഗ്രാമീണര്‍ക്കിടയിലും രാഷ്ട്രീയം തന്നെയായിരുന്നു ചൂടുള്ള വിഷയം.

ഓരോ പാര്‍ട്ടികളുടെ അനുഭാവികളും അവരുടെ പാര്‍ട്ടികള്‍ക്കുവേണ്ടി വാദിച്ചു. അതുകൊണ്ടാണ് ഞാന്‍ ബിജെപിയെന്നും കോണ്‍ഗ്രസെന്നും കാലിക്കുട്ടികള്‍ക്ക് പേരിട്ടത്. അവയെങ്കിലും പോരടിക്കാതെ ഒരുമിച്ച് ജോലിയെടുക്കാന്‍ കഴിയട്ടെ’ എന്നാണ് കര്‍ഷകനായ ധാന്‍ സിംങ് പറയുന്നു.

നവംബര്‍ 28 വോട്ടെടുപ്പ് നടന്ന മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11നാണ് പുറത്തുവരിക. 230 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

Exit mobile version