ഡിസംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍; സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തം, വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഡിസംബര്‍ ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

ഇത്തരം വാര്‍ത്തകള്‍ തള്ളിയ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്പില്‍ ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇന്ത്യയിലും കോവിഡ് വ്യാപിക്കുകയാണ്. സമാനമായ നിലയില്‍ രോഗവ്യാപനം വീണ്ടും ഉയരാതിരിക്കാന്‍ ഇന്ത്യയും രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പോകുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

അടുത്ത മാസം ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വാര്‍ത്തകളുടെ ഉള്ളടക്കം. ഇത് വ്യാജമാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്വീറ്റ് മോര്‍ഫ് ചെയ്തതാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് സംവിധാനം പറയുന്നു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള ഒരു തീരുമാനവും ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റില്‍ പറയുന്നു.

Exit mobile version