പ്രകൃതി ദുരന്തമുണ്ടായ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ധനസഹായം; പെട്ടിമുടി ദുരന്തമുൾപ്പടെ നേരിട്ട കേരളത്തെ ഒഴിവാക്കി

ന്യൂഡൽഹി: വീണ്ടും സഹായം നൽകുന്നതിൽ രാഷ്ട്രീയം കളിച്ച് കേന്ദ്ര സർക്കാർ. പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഈ വർഷം ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ നാശം വിതച്ച സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ, പെട്ടിമുടി ദുരന്തം ഉൾപ്പെടെ മനസിനെ മരവിപ്പിച്ച വൻദുരന്തങ്ങൾ നടന്ന കേരളത്തിന് സഹായമോന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. 4,381.88 കോടിയാണ് ആറു സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

ഉംപൻ ചുഴലിക്കാറ്റ് വീശിയടിച്ച പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾക്ക് യഥാക്രമം 2707.77 കോടിയും 128.23 കോടിയും നൽകും. ഉംപൻ ചുഴലിക്കാറ്റ് നാശം വിതച്ച ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ രണ്ടു സംസ്ഥാനങ്ങൾക്കും 1500 കോടിയുടെ സഹായം നൽകിയിരുന്നു.

ഇതോടൊപ്പം, ജൂണിൽ നിസർഗ ചുഴലിക്കാറ്റ് നാശം വിതച്ച മഹാരാഷ്ട്രയ്ക്ക് 268.59 കോടി ധനസഹായം നൽകും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നാശം വിതച്ച കർണാടകയ്ക്ക് 577.84 കോടി, മധ്യപ്രദേശിന് 611.61 കോടി, സിക്കിമിന് 87.84 കോടി എന്നിങ്ങനെയാണ് കേന്ദ്രത്തിന്റെ ധനസഹായം.

Exit mobile version