ആസിയാൻ ഉച്ചകോടിയിൽ ഇത്തവണ ‘ഫോട്ടോ’ എടുക്കൽ ഇല്ല; പരിഭവം പങ്കുവെച്ച് മോഡി

ന്യൂഡൽഹി: ഇത്തവണത്തെ ആസിയാൻ ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തിൽ വെർച്വൽ ആയി നടത്തിയതിനാൽ പതിവ് ഫോട്ടോഷൂട്ട് നടത്താൻ പറ്റാത്ത സങ്കടം പങ്കുവെച്ച് പ്രധാനമന്ത്രി. ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കവെയാണ് മുൻവർഷങ്ങളിലെ പോലെ ഇത്തവണ ‘കുടുംബ ഫോട്ടോ’ എടുക്കാൻ കഴിയാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഭവം പങ്കുവെച്ചത്. മുൻ വർഷങ്ങളിലേത് പോലെ ഇത്തവണ ‘കുടുംബ ഫോട്ടോ’ ഉണ്ടാകില്ലെന്നു കോവിഡിനെകുറിച്ച് കുറിച്ച് സംസാരിക്കുന്നതിനിടെ മോഡി പരാമർശിക്കുകയായിരുന്നു.

17ാമത് ആസിയാൻ -ഇന്ത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ആസിയാനും തമ്മിൽ എല്ലാ മേഖലയിലുമുള്ള ബന്ധം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നു. കൂടിക്കാഴ്ച വെർച്വൽ ആണെങ്കിലും നമ്മുക്കിടയിലുള്ള വിടവ് നികത്താനാണ് ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു.

ഇന്ത്യയുടേയും ആസിയാന്റെയും തന്ത്രപരമായ പങ്കാളിത്തം നമ്മൾ പങ്കിട്ട ചരിത്ര, ഭൂമിശാസ്ത്ര, സാസ്‌കാരിക പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആസിയാൻ ഇന്ത്യയുടെ കിഴക്കൻ നയത്തിന്റെ കാതലാണെന്നും പ്രധാനമന്ത്രി പങ്കുവെച്ചു. വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയൻ സുവാൻ ഫുക്ക് ആയിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്.

Exit mobile version