‘കാവി നിറത്തില്‍ മുങ്ങിയ കോടതി’; അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര, കോടതിയലക്ഷ്യമെന്ന് അഭിഭാഷകന്‍, കേസെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: അറസ്റ്റിലായ റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ രംഗത്ത്.

മുംബൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസ്വാം സിദ്ദീഖാണ് കുനാല്‍ കമ്രയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തില്‍ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതി വിധിക്ക് പിന്നാലെ കമ്ര തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹരജി പരിഗണിച്ചത്. അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.

എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.

Exit mobile version