ഉപതെരഞ്ഞെടുപ്പ്: വിലയ്ക്ക് എടുത്ത എംഎൽഎമാർ തുണച്ചു; 59ൽ 41 സീറ്റും പിടിച്ചടക്കി ബിജെപി; കോൺഗ്രസിന് നഷ്ടമായത് 31 സിറ്റിങ് സീറ്റുകൾ

modi-and-rahul

ന്യൂഡൽഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് വൻനേട്ടം സമ്മാനിച്ചപ്പോൾ ഉള്ളതും കൈവിട്ട് കോൺഗ്രസ് വൻപരാജയമായി. 41 സീറ്റുകളിലും വിജയം നേടി വൻ നേട്ടമുണ്ടാക്കി ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുന്നേറ്റം കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ കൂടി നേടിയായിരുന്നു. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൂറുമാറിയ എംഎൽഎമാരാണ് കൂടുതൽ നാശം വിതച്ചത്.

മധ്യപ്രദേശ്, ഗുജറാത്ത് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം 26 മണ്ഡലങ്ങളാണ് കോൺഗ്രസിനെ കൈവിട്ടത്. ഇതോടെ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ കോൺഗ്രസിന് നഷ്ടമായത് മാത്രം 31 സീറ്റുകൾ. ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എട്ട് മണ്ഡലങ്ങളിലും കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപി വിജയം കൊയ്തു. വിജയിച്ചവരിൽ കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ അഞ്ച് എംഎൽഎമാരുമുണ്ട്. 182 അംഗങ്ങളുള്ള സഭയിൽ ബിജെപിയ്ക്ക് 111 സീറ്റുകളായി. കോൺഗ്രസ് 65ലേക്ക് ചുരുങ്ങി.

അതേസമയം, കോൺഗ്രസ് സർവ്വാധിപത്യം പുലർത്തിയിരുന്ന മണിപ്പൂരിലെ നാല് സീറ്റുകളും ബിജെപി പിടിച്ചടക്കിയത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. അഞ്ച് സീറ്റുകളിലൊന്നാകട്ടെ കോൺഗ്രസിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയും പിടിച്ചെടുത്തു. നാഗലാൻഡിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ ബിജെപി സഖ്യകക്ഷിയായ എൻഎൻഡിപി വിജയിച്ചു. സ്വതന്ത്രസ്ഥാനാർത്ഥിയാണ് രണ്ടാമത്തെ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

ഉത്തർപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ആറ് സീറ്റുകൾ നേടി. ഉന്നാവോ പീഡനക്കേസ് പ്രതി കുൽദീപ് സിങ് സെംഗാറിന്റെ മണ്ഡലവും ഇതിൽ ഉൾപ്പെടും. സമാജ്‌വാദി പാർട്ടി ഒരു സീറ്റ് നേടി.

കർണാടകയിലാകട്ടെ ജെഡിഎസിൽ നിന്ന് സിറ്റിങ് സീറ്റും കോൺഗ്രസിൽ നിന്ന് ആർആർ നഗർ സീറ്റും പിടിച്ചെടുത്ത് ബിജെപി കരുത്തുകാട്ടി. ആർആർ നഗറിൽ വിജയിച്ചത് കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിൽ ചേക്കേറിയ എംഎൽഎ എൻ മുനിരത്‌നയാണ്. യെദ്യൂരപ്പ സർക്കാരിന് ഇതോടെ 119 പ്രതിനിധികളായി. കോൺഗ്രസിന് 67 ഉം ജെഡിഎസിന് 33 ഉം ആയി അംഗബലം കുറഞ്ഞു.

തെലങ്കാനയിലെ ദുബ്ബാക്കയിൽ മൂന്നാമത്തെ പരിശ്രമത്തിൽ ടിആർഎസിനെ കീഴടക്കി ബിജെപി സ്ഥാനാർത്ഥി എം രഘുനന്ദൻ വിജയിച്ചു. ഇയാളുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് പണം പോലീസ് പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു.

മധ്യപ്രദേശിൽ 28 സീറ്റുകളിൽ 20 ഉം ബിജെപിയുടെ നേട്ടമായി. ഇതിൽ ഒന്നൊഴികെ എല്ലാം കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഛത്തീസ്ഗഢിൽ മാത്രം കോൺഗ്രസിന് ആശ്വസിക്കാം. മാർവാഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. കൃഷ്ണ കുമാർ ധ്രുവ് ബിജെപി സ്ഥാനാർത്ഥി ഡോ. ഗംഭീർ സിങിനെ പരാജയപ്പെടുത്തി.

Exit mobile version