ബിഹാറിൽ സസ്‌പെൻസ് ത്രില്ലർ; എക്‌സിറ്റ്‌പോൾ ഫലങ്ങളെ തള്ളി ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ; കേവല ഭൂരിപക്ഷം കടന്നു

പട്‌ന: രാജ്യം ആകാക്ഷയോടെ കാത്തിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സസ്‌പെൻസ് ത്രില്ലർ മോഡിലേക്ക് മാറി. തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി വോട്ടെണ്ണലിന്റെ അവസാന ലാപ്പുകളിൽ എൻഡിഎയുടെ തിരിച്ചുവരവ്. ലീഡ് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ് എൻഡിഎ. എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കംമുതൽ പ്രതിപക്ഷ സഖ്യമായ മഹാഖഡ്ബന്ധൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കും ഇപ്പോൾ എൻഡിഎയുടെ ലീഡിലേക്കും കടന്നിരിക്കുകയാണ്.

എക്‌സിറ്റ്‌പോൾ ഫലങ്ങളെ പിന്തള്ളിയാണ് ബിജെപി നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എൻഡിഎയുടെ മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കവെ നിലവിൽ കേവലഭൂരിപക്ഷത്തിന് വേണ്ട 122 എന്ന മാന്ത്രിക സംഖ്യക്ക് മുകളിൽ എൻഡിഎക്ക് ലീഡുണ്ട്. തൊട്ടുപിന്നിൽ തന്നെയാണ് മഹാസഖ്യവുമുള്ളത്. ഒരു ഘട്ടത്തിൽ കേവലഭൂരിപക്ഷം മഹാസഖ്യവും കടന്നിരിന്നെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു.

ചിരാഗ് പാസ്വാന്റെ എൽജെപി മൂന്നിടങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും എൻഡിഎ നേതാക്കളിൽ പ്രബലനുമായ ജിതൻ റാം മാഞ്ജി ആർജെഡിയുടെ തേജ് പ്രതാപ് യാദവ്, ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് എന്നിവർ നിലവിൽ പിന്നിലാണ്.

55 കേന്ദ്രങ്ങളിൽ 414 ഹാളുകളിലായാണ് കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പോലീസ്, ബിഹാർ പോലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങൾക്കും സുരക്ഷ തീർത്തിരിക്കുന്നത്.

Exit mobile version