മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പഞ്ചായത്തിന് മുന്നില്‍ വെച്ച് മുഖത്തടിച്ച് ഭാര്യ

മുസാഫര്‍പുര്‍ ജില്ലയിലെ സരൈയയിലെ പഞ്ചായത്തു കോടതിയില്‍ വെച്ചായിരുന്നു സംഭവം.

മുസാഫര്‍പുര്‍: പരസ്യമായി മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പഞ്ചായത്തിന് മുന്നില്‍ വെച്ച് മുഖത്തടിച്ച് ഭാര്യ. മുസാഫര്‍പുര്‍ ജില്ലയിലെ സരൈയയിലെ പഞ്ചായത്തു കോടതിയില്‍ വെച്ചായിരുന്നു സംഭവം.

2014ലായിരുന്നു മുഹമ്മദ് ദുലാറെയുടെയും സോണി ഖാട്ടൂണിന്റേയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ പരസ്പരം ഒത്തു പോവാന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്നം പഞ്ചായത്ത് കോടതിക്ക് മുന്നിലെത്തുകയായിരുന്നു. പഞ്ചായത്തില്‍ ഇരുവരുടേയും വാദം കേള്‍ക്കെ ദുലാരെ പൊടുന്നനെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഭാര്യയെ മൂന്നു തവണ തലാഖ് ചൊല്ലുകയായിരുന്നു.

ഇതു കേട്ടയുടന്‍ സോണി ദുലാരയെ പഞ്ചായത്തിന് മുന്നില്‍ വെച്ച് മുഖത്തടിച്ചു. തമ്മില്‍ പ്രണയത്തിലായിരുന്ന ദുലാരയെയും സോണിയേയും ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ചെയ്തു കൊടുക്കയായിരുന്നു.

എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ കലഹങ്ങള്‍ പതിവാകുകയും, ദുലാരെ മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. ഇതിനെതിരെ സോണിയുടെ കുടുംബം ദുലാരയ്ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2018 സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി ഭേദഗതി ചെയ്യതിട്ടുണ്ട്. ഇതു പ്രകാരം പരാതി നല്‍കുകയാണെങ്കില്‍ ദുലാരെയ്ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

Exit mobile version